പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ ഓണംവേലി- വട്ടത്തറ റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മണ്ണ് കടത്തി വില്‍പന നടത്തിയ കരാറുകാരനില്‍ നിന്നും വില ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉത്തരവിട്ടു.
റോഡ് നിര്‍മ്മാണത്തിലെ അപാകതയ്‌ക്കെതിരെ സി.പി.എം അറയ്ക്കപ്പടി ലോക്കല്‍ സെക്രട്ടറി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും ഓംബുഡ്‌സ്മാനും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കരാറുകാരനായ വെങ്ങോല കൊപ്പറമ്പില്‍ കെ.എസ് പരീതില്‍ നിന്നും പണം തിരിച്ചുപിടിയ്ക്കാന്‍ ഉത്തരവുണ്ടായത്. 159 ലോഡ് മണ്ണ് കടത്തിയതിന്റെ വിലയായി 68569 രൂപ ഈടാക്കാനാണ് നിര്‍ദ്ദേശം.
മണ്ണെടുപ്പ് നിരോധിച്ച വെങ്ങോല ഗ്രാമപഞ്ചായത്തിലാണ് അധികൃതരുടെ ഒത്താശയോടെ മണ്ണ് വില്‍പന നടന്നത്. അറുന്നൂറു മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ വീതിയിലും കുന്ന് നിരപ്പാക്കിയായിരുന്നു റോഡ് നിര്‍മ്മാണം. ഇതിനായി കുന്ന് താഴ്ത്തിയപ്പോള്‍ ലഭിച്ച മണ്ണ് ഇതേ വാര്‍ഡിലെ മറ്റൊരു റോഡിന് വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പന നടത്തിയത്. എന്നാല്‍, ഇവിടെ നിന്നുള്ള രണ്ട് ലോഡ് മണ്ണ് നാട്ടുകാര്‍ പോഞ്ഞാശ്ശേരിയില്‍ വച്ച് തടഞ്ഞതോടെ മണ്ണ് വില്‍പന പുറത്തായി. ഏഴു ലോഡ് മണ്ണ് കടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍ പിന്നീട് സമ്മതിയ്ക്കുകയും റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു ഇവിടെ റോഡ് നിര്‍മ്മാണം.
മംഗളം 6.05.2013
No comments:
Post a Comment