പെരുമ്പാവൂര്‍: ജനവാസ കേന്ദ്രത്തില്‍ യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ പാചകവാതക സിലണ്ടറുകള്‍ കയറ്റിയ രണ്ടു വാഹനങ്ങള്‍ ഗോഡൗണിന് പുറത്ത് പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസം. പരിസരവാസികള്‍ക്ക് അങ്കലാപ്പ്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 72 വീട്ടുകാര്‍ തിങ്ങി പാര്‍ക്കുന്ന മരയ്ക്കാര്‍ റോഡരികിലാണ് വാഹനങ്ങള്‍. 13 ന് വൈകിട്ടാണ് ഇവിടെയുള്ള ബാബു ഗ്യാസ് ഏജന്‍സിയിലേയ്ക്ക് രണ്ട് ഫുള്‍ ലോഡ് വാഹനങ്ങള്‍ എത്തിയത്. ഇവിടെ ചുമട്ടു തൊഴിലാളികള്‍ വേതന വര്‍ദ്ധനയുടെ പേരില്‍ സമരത്തിനായതിനാല്‍ ലോഡ് ഇറക്കി ഗോഡൗണിലേയ്ക്ക് മാറ്റാന്‍ കഴിഞ്ഞില്ല. അതിനാല്‍ വാഹനങ്ങള്‍ മടങ്ങിപ്പോകാതെ ഗോഡൗണിന് പുറത്ത് പാര്‍ക്ക് ചെയ്യുകയായിരുന്നു. ഗോഡൗണിന് പുറത്ത് അപകടമുണ്ടാക്കാവുന്ന രീതിയില്‍ നിറ സിലണ്ടറുകളുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനാല്‍ ഉറങ്ങാന്‍ പോലും കഴിയാത്തത്ര ഭീതിയിലാണ് നാട്ടുകാര്‍.
ഏജന്‍സിയില്‍ ലോഡ് ഇറക്കുന്ന ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ ശനിയാഴ്ച മുതല്‍ പണിമുടക്കിലാണ്. മുന്‍കൂട്ടി അറിയിച്ചായിരുന്നു തൊഴിലാളികളുടെ സമരം. എന്നിട്ടും പാചകവാതക സിലണ്ടുറുകള്‍ കൊണ്ടുവന്ന ഏജന്‍സി ഉടമയ്‌ക്കെതിരെ ജനരോഷം ശക്തമാണ്. സിലണ്ടറുകള്‍ യഥാസമയം എത്തിയ്ക്കുന്നുണ്ടെന്നും തൊഴിലാളികള്‍ സഹകരിക്കാത്തതിനാലാണ് അവ വിതരണം ചെയ്യാന്‍ കഴിയാത്തതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഏജന്‍സി ഉടമയുടെ നാടകമാണ് ഇതെന്ന് പരിസരവാസികള്‍ പറയുന്നു
സിലണ്ടുകള്‍ നിറച്ച വാഹനങ്ങള്‍ അടിയന്തിരമായി ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് മരയ്ക്കാര്‍ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് അസോ. പ്രസിഡന്റ് മാര്‍ട്ടിന്‍ സി മാത്യുവും സെക്രട്ടറി അഡ്വ. ടി.എസ് സദാനന്ദനും പോലീസിലും താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മംഗളം 15.05.2013
No comments:
Post a Comment