Monday, May 20, 2013

മുടക്കുഴയില്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ്‌മെമ്മൊ നല്‍കിയ പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ നീക്കം


പെരുമ്പാവൂര്‍: പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മൊ നല്‍കിയ അനധികൃത പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പ്രത്യേക താല്‍പര്യം. ഇതേതുടര്‍ന്ന് പഞ്ചായത്തില്‍ നടന്ന ഹിയറിംഗ് പൂര്‍ത്തിയാക്കാതെ നാട്ടുകാര്‍ മടങ്ങി.
മുടക്കുഴ ഗ്രാമപഞ്ചായത്ത് 3, 10, 11 വാര്‍ഡുകളിലെ ആറോളം പാറമടകള്‍ക്കാണ് വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസര്‍ നിരോധന ഉത്തരവ് നല്‍കിയത്. ചുണ്ടക്കുഴി ലക്ഷംവീട് കോളനിക്ക് സമീപമുള്ള പറമടകളാണ് അനുവദനീയമായതിലുമധികം ആഴത്തില്‍ പാറപൊട്ടിച്ച് നീക്കിയിട്ടുള്ളതിനാല്‍ നിര്‍ത്തി വയ്പ്പിച്ചത്. 
ഈ പാറമടകളില്‍ പാറ പൊട്ടിക്കാനായി തുടര്‍ച്ചയായി സ്‌ഫോടനം നടത്തുന്നതിനാല്‍ ഇവിടെ ജനജീവിതം ദുസ്സഹമായിരുന്നു. വീടുകളുടെ മേല്‍ക്കൂരയില്‍ പാറക്കല്ലുകള്‍ തെറിച്ചുവീഴുന്നതും വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നതും പതിവായി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് റവന്യു വകുപ്പ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് ഇവിടെ നിന്നും പാറ ഖനനം ചെയ്യുന്നതും വില്ലേജ് അധികൃതര്‍ കണ്ടെത്തി ആര്‍.ഡി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേ സമയം പഞ്ചായത്ത് സെക്രട്ടറിയും ചില പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഒത്തുചേര്‍ന്ന് അനധികൃത പാറമടകള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം നടത്തുകയാണെന്ന് പരിസരവാസികള്‍ പറയുന്നു. പറമടകള്‍ സംബന്ധിച്ച പരാതി കേള്‍ക്കുന്നതിനുവേണ്ടി നാട്ടുകാരെ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു വരുത്തിയെങ്കിലും അധികൃതര്‍ പാറമട ഉടമകള്‍ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നത് സ്വാഭാവികമാണെന്നും എത്ര എതിര്‍പ്പുണ്ടെങ്കിലും  പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയതോടെ പരാതിക്കാരായെത്തിയ നാട്ടുകാര്‍ ഹിയറിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. 
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികാരികള്‍ പാറമട ലോബിയുടെ സ്വാധീനത്തില്‍ വഴങ്ങിയതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

മംഗളം 19.05.2013


No comments: