Saturday, May 11, 2013

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്: മുന്‍ധാരണ പ്രകാരം വൈസ് പ്രസിഡന്റ് രാജിയ്ക്ക് തയ്യാര്‍; പാര്‍ട്ടി നേതൃത്വം പറയണമെന്ന് പ്രസിഡന്റ്


പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍  മുന്‍ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാര്‍. എന്നാല്‍, പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജി വയ്ക്കൂ എന്ന് പ്രസിഡന്റ്.
2010 നവംബര്‍ 5 ന് കൂടിയ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗ തീരുമാന പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രണ്ടര വര്‍ഷം വീതം ഐ, എ ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ ധാരണയായിരുന്നു. അതനുസരിച്ച് ആദ്യപകുതി ഐ ഗ്രൂപ്പിന്റെ പോള്‍ ഉതുപ്പിന് പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന്റെ മേരി ഗീത പൗലോസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. തുടര്‍ന്നുള്ള രണ്ടര വര്‍ഷം എ ഗ്രൂപ്പിന്റെ റെജി ഇട്ടൂപ്പിന് പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന്റെ വനജ ബാലകൃഷ്ണന് വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കണമെന്നായിരുന്നു കരാര്‍. 
ഇക്കഴിഞ്ഞ ഏഴിന് ആദ്യ സ്ഥാനക്കാരുടെ കാലവാധി പൂര്‍ത്തിയായി. ഇതനുസരിച്ച് മേരി ഗീത പൗലോസ് രാജി സന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്റിന് കത്തു നല്‍കിക്കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഔദ്യോഗിക രാജിക്കത്ത് നല്‍കാന്‍ അനുവദിയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍, ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജി വയ്ക്കൂ എന്നാണ് പ്രസിഡന്റ് പോള്‍ ഉതുപ്പിന്റെ നിലപാട്.
2010-ല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ലമന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേയ്ക്ക് പോള്‍ ഉതുപ്പും റെജി ഇട്ടൂപ്പും തമ്മില്‍ മത്സരം നടന്നിരുന്നു. ഇരു കൂട്ടര്‍ക്കും നാല് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പോള്‍ ഉതുപ്പിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. രണ്ടര വര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ് റെജി ഇട്ടൂപ്പിന് അവസരം നല്‍കണമെന്ന ധാരണ എഴുതി കരാറാക്കുകയും ചെയ്തു. ഇതില്‍ കോണ്‍ഗ്രസിന്റെ മറ്റ് ബ്ലോക്ക് മെമ്പര്‍മാരും ബ്ലോക്ക് പ്രസിഡന്റ് ഡാനിയേല്‍ മാസ്റ്ററും ടി.പി ഹസനും ഒപ്പിട്ടുണ്ട്.
അതേസമയം, രാജിക്കാര്യം താന്‍ ഒറ്റയ്ക്ക് തീരുമാനിയ്‌ക്കേണ്ടതല്ലെന്നും മേഖലയില്‍ എ, ഐ ഗ്രൂപ്പ് ചേരിപ്പോര് ശക്തിപ്പെട്ട സാഹചര്യത്തില്‍ മറ്റുപല ഘടകങ്ങളും പരിഗണിയ്‌ക്കേണ്ടിവരുമെന്നും പോള്‍ ഉതുപ്പ് മംഗളത്തോട് പറഞ്ഞു. ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഐ ഗ്രൂപ്പിന്റെ അന്‍വര്‍ മുണ്ടേത്തിന് അഞ്ചു വര്‍ഷവും പ്രസിഡന്റായിരിയ്ക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ അവിടെ ഇപ്പോള്‍ എ ഗ്രൂപ്പുകാര്‍ അന്‍വറിനെ ഭരിയ്ക്കാന്‍ അനുവദിയ്ക്കുന്നില്ല. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും ഐ-എ ഗ്രൂപ്പ് പോരുണ്ട്. ഇങ്ങനെ പല പഞ്ചായത്തിലും എ ഗ്രൂപ്പ് മുന്‍ധാരണകള്‍ ലംഘിയ്ക്കുകയാണ്. 
ഇതിനു പുറമെ, കോണ്‍ഗ്രസിന്റെ ഔദ്യോഗിക നേതൃത്വത്തെ അറിയിയ്ക്കാതെ അറയ്ക്കപ്പടിയിലും അശമന്നൂരിലും എ ഗ്രൂപ്പുകാര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കൊണ്ടുവന്നിരുന്നു. അങ്ങനെ ഗ്രൂപ്പ് പോര് അനുദിനം ശക്തിപ്പെടുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടറിയാതെ നേതൃമാറ്റം പോലുള്ള കാര്യങ്ങളില്‍ തനിയ്ക്ക് മാത്രം ഒരു തീരുമാനമെടുക്കാനാവില്ലെന്നും പോള്‍ ഉതുപ്പ് പറയുന്നു.
ഇതിനു പുറമെ പാര്‍ലമെന്ററി പാര്‍ട്ടിയ്ക്കകത്തെ അംഗബലത്തിന്റെ കാര്യത്തിലും ഇപ്പോള്‍ വിത്യാസമുണ്ട്. 2010-ല്‍ റെജി ഇട്ടൂപ്പിന് അനുകൂലമായ നിലപാട് കൈക്കൊണ്ട അമ്പിളി ജോഷി ഇപ്പോള്‍ ഐ ഗ്രൂപ്പിനോടാണ് അനുഭാവം പുലര്‍ത്തുന്നതെന്ന് പോള്‍ ഉതുപ്പ് അവകാശപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ പോള്‍ വറുഗീസും ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. അങ്ങനെ വരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയ്ക്കകത്ത് ഇനിയൊരു ഹിത പരിശോധന നടന്നാലും അത് തനിയ്ക്ക് അനുകൂലമാകുമെന്നും നിലവിലുള്ള പ്രസിഡന്റ് കരുതുന്നു.

മംഗളം 11.05.2012



No comments: