പെരുമ്പാവൂര്‍: നാഷണല്‍ മീറ്റുകളില്‍ സ്വന്തം റെക്കോഡുകള്‍ പുതുക്കി പി.ഇ സുകുമാരന്‍ ഒക്‌ടോബറില്‍ ആസ്‌ട്രേലിയായില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് മീറ്റിലേക്ക്.
ജനുവരിയില്‍ കടലൂരില്‍ നടന്ന ഓപ്പണ്‍ മീറ്റില്‍ 200 മീറ്ററില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച കോടനാട് പെരുമറ്റത്തില്‍ സുകുമാരന്‍ തിരുവനന്തപുരത്ത് നടന്ന നാഷണല്‍ മീറ്റില്‍ നാലിനങ്ങളിലാണ് സ്വര്‍ണം നേടിയത്. 65-ന് മേല്‍ പ്രായമുള്ളവരുടേതായിരുന്നു മത്സരം. ഇതില്‍ നൂറുമീറ്ററിലും നൂറുമീറ്റര്‍ ഹഡില്‍സിലും പുതിയ റെക്കോഡ് ഇട്ടു. ഇതാകട്ടെ മുന്‍പ് ഉണ്ടായിരുന്ന സ്വന്തം റെക്കോഡ് പുതുക്കിക്കൊണ്ടായിരുന്നു.
1992 ലെ സിങ്കപ്പൂര്‍ ഏഷ്യന്‍ മീറ്റിലും 2010 ലെ മലേഷ്യന്‍ ഏഷ്യന്‍ മീറ്റിലും പങ്കെടുത്ത സുകുമാരന്‍ ഇക്കുറി ആദ്യമായാണ് ലോക മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
കാലടി ശ്രീശങ്കര കോളജ് അത്‌ലറ്റിക് ടീമില്‍ സുകുമാരന്‍ ക്യാപ്റ്റനായിരിക്കെ അന്തരിച്ച മുന്‍ മന്ത്രി പി.കെ വേലായുധന്‍ അംഗമായിരുന്നു. അങ്കമാലി ആരോസ് ക്ലബ്ബിനുവേണ്ടി ഇപ്പോഴത്തെ മന്ത്രി കെ ബാബുവുമൊത്ത് ഫുട്‌ബോള്‍ കളിച്ചതും സുകുമാരന്റെ നല്ല ഓര്‍മ്മകള്‍.
1964 ല്‍ ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഇദ്ദേഹം പിന്നീട് പെരുമ്പാവൂര്‍ റയോണ്‍സ് ജീവനക്കാരനായി. അതിനിടയില്‍ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, ശ്രീമൂലനഗരം അകവൂര്‍ സ്‌കൂള്‍, ഒക്കല്‍ എസ്.എന്‍ സ്‌കൂള്‍, കാലടി ബ്രഹ്മാനന്ദോദയം എന്നി സ്‌കൂളുകളിലും അരുണാചല്‍ പ്രദേശിലും ശ്രീരാമകൃഷ്ണ മിഷന്‍ സ്‌കൂളിലും കായിക പരിശീലകനായി.
സി.പി.ഐ കോടനാട് ലോക്കല്‍ കമ്മിറ്റിയംഗമായ സുകുമാരന്‍ കോടനാട് സഹകരണ ബാങ്കിന്റെ ബോര്‍ഡ് മെമ്പര്‍, ഇ.പി.എഫ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിയ്ക്കുന്നു. സാഹിത്യ സംഘടനയായ ആശാന്‍ സ്മാരക സാഹിത്യവേദിയിലും അംഗമാണ്. ഭാര്യ: സോയ, മക്കള്‍: സുജിത്, സ്വപ്ന
മംഗളം 22.05.2013
No comments:
Post a Comment