പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, May 4, 2013

കുട്ടിക്കാലത്തേയ്ക്ക് ഒരു തിരിച്ചുവരവ്; നാട്ടുസ്വരങ്ങള്‍ക്ക് കാതോര്‍ക്കാന്‍

ബോംബേ ജയശ്രീയ്ക്ക് ഒപ്പം രഞ്ജിത്
പെരുമ്പാവൂര്‍: ബോളിവുഡ് ശബ്ദലേഖന രംഗത്തെ മലയാളി സാന്നിദ്ധ്യമായ രഞ്ജിത് ബി കര്‍ത്താ മടങ്ങിയെത്തിയത് കുട്ടിക്കാലത്തേയ്ക്കാണ്. നീണ്ട പത്തൊമ്പത് ആണ്ടുകള്‍ക്ക് ശേഷമാണ് മുംബൈ മലയാളിയായ ഈ യുവാവ് സ്വന്തം നാടിന്റെ സ്വരങ്ങള്‍ക്ക് കാതോര്‍ക്കുന്നത്. 
സോനു നിഗം, മോഹിത് ചൗഹാന്‍, ശ്രേയ ഘോഷാല്‍, ഉഷാ ഉതുപ്പ്, ബോംബെ ജയശ്രി തുടങ്ങിയ പ്രശസ്ത പിന്നണി ഗായകരുടെ ഗാനലേഖനം നിര്‍വ്വഹിച്ചിട്ടുള്ള ഈ 27 കാരന്‍ മുംബെയിലെ ഗോരെഗോണ്‍ വെസ്റ്റിലാണ് താമസം. 
2009 ല്‍ മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ രഞ്ജിത് ഇപ്പോള്‍ അന്ധേരി വെസ്റ്റിലെ സ്‌പെക്‌റല്‍ ഹാര്‍മ്മണി സ്റ്റുഡിയോയില്‍ സൗണ്ട് എഞ്ചിനീയറാണ്.
പതിനെട്ടാം വയസില്‍ ഡിസ്‌കോ ജോക്കിയായി രംഗപ്രവേശം ചെയ്ത രഞ്ജിത് നഗരത്തിലെ പ്രശസ്ത റോക്ക്, പോപ്പ് മ്യൂസിക് ഷോകളിലെ സൗണ്ട് എഞ്ചിനീയറായും പ്രവര്‍ത്തിച്ചുപോന്നു. ഇന്ത്യയിലെ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ ഗ്യാരി ലോയര്‍, ജാസ് പിയാനോയിസ്റ്റ് ലൂയീസ് ബാങ്ക്‌സ്, വെസ്റ്റേണ്‍ മ്യൂസിക് കമ്പോസറും ഡ്രമ്മറുമായ രഞ്ജിത് ബാരോട്ട് തുടങ്ങിയവരുടെ ലൈവ് ബാന്റ് ഷോകളുടെ ശബ്ദ മിശ്രണം നിര്‍വ്വഹിയ്ക്കാനുള്ള ഭാഗ്യവും ഈ യുവാവിനുണ്ടായി.
2010 മുതല്‍ക്കാണ് ഹിന്ദി സിനിമകളിലേയ്ക്കുള്ള രംഗപ്രവേശം. യേ സാലി സിന്തകി, തനു വെഡ്‌സ് മനു, 1920 ഇവിള്‍ റിട്ടേണ്‍സ്, ജോളി എല്‍.എല്‍.ബി തുടങ്ങിയ ചലചിത്രങ്ങള്‍ക്കുവേണ്ടി സുനീതി ചൗഹാന്‍, ശില്‍പാ റാവു, കീര്‍ത്തി സഗാട്ടിയ, കമല്‍ഖാന്‍ തുടങ്ങിയ പിന്നണി ഗായകരുടെ ശബ്ദം ആലേഖനം ചെയ്തത് രഞ്ജിത്താണ്.
രാജ്യാന്തര നിലവാരത്തിലുള്ള ചില മെഗാ സ്റ്റേജ് ഷോകളുടെ സൗണ്ട് എഞ്ചിനീയറിങ്ങ് നിര്‍വ്വഹിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്. ഏഴിന് നാട്ടിലെ നല്ല ഓര്‍മ്മകളുമായി ഇദ്ദേഹം മുംബൈയിലേയ്ക്ക് മടങ്ങും.
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിരമിച്ച കൂടാലപ്പാട് മഠത്തേത്ത് പുത്തന്‍ മഠത്തില്‍ ഭാസ്‌ക്കരന്‍ കര്‍ത്തയുടേയും മുബൈയിലെ വിവേക് വിദ്യാലയത്തില്‍ നിന്നും അദ്ധ്യാപികയായി വിരമിച്ച സുധ ബി കര്‍ത്തയുടേയും മകനാണ് രഞ്ജിത്. എക സഹോദരി സീമ ബി കര്‍ത്ത.


മംഗളം 4.05.2013


No comments: