പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, May 12, 2013

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് കേരള കോണ്‍ഗ്രസിനും അവകാശവാദം


പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ നേതൃമാറ്റം വിവാദമായതോടെ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും രംഗത്ത്.
ഒക്കല്‍ ഡിവിഷന്‍ മെമ്പറും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ കേരള കോണ്‍ഗ്രസി (എം) ന്റെ പോള്‍ വറുഗീസാണ് സ്ഥാനമാവശ്യപ്പെട്ട് എത്തിയിരിയ്ക്കുന്നത്. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ തനിയ്ക്കും ഒരു ടേം പ്രസിഡന്റ് പദവി നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കളില്‍ നിന്ന് വാക്കാല്‍ ധാരണയുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. 
കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ പോള്‍ ഉതുപ്പ് മുന്‍ധാരണ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാത്തതാണ് ബ്ലോക്കില്‍ വിവാദമായത്. ആദ്യ രണ്ടര വര്‍ഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന്റെ റെജി ഇട്ടൂപ്പിന് നല്‍കുമെന്നായിരുന്നു എഴുതപ്പെട്ട കരാര്‍. 2010 നവംബര്‍ 5 ന് കൂടിയ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗ തീരുമാന പ്രകാരമായിരുന്നു ഇത്. 
ഇതേ യോഗതീരുമാന പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വര്‍ഷത്തേയ്ക്ക് എ ഗ്രൂപ്പിന്റെ മേരി ഗീത പൗലോസിനായിരുന്നു. പിന്നീട് ഐ ഗ്രൂപ്പിന്റെ വനജ ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞ് കൊടുക്കണമെന്നായിരുന്നു കരാര്‍. ഇതനുസരിച്ച്  മേരി ഗീത പൗലോസ് സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്റിന് കത്തു നല്‍കിയിരുന്നു.
അതേസമയം, ഐ-എ ഗ്രൂപ്പ് ചേരിപ്പോര് ശക്തമായ സാഹചര്യത്തില്‍ സ്ഥാനമാറ്റം സംബന്ധിച്ച് തനിയ്ക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്ന നിലപാടാണ് പോള്‍ ഉതുപ്പിന്. പാര്‍ലമെന്ററി പാര്‍ട്ടിയ്ക്ക് അകത്ത് തനിയ്ക്കാണ് ഇപ്പോള്‍ ഭൂരിപക്ഷമെന്നും കേരള കോണ്‍ഗ്രസിന്റെ പോള്‍ വറുഗീസും  തനിയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും പോള്‍ ഉതുപ്പ് കഴിഞ്ഞ ദിവസം മംഗളത്തോട് പറഞ്ഞിരുന്നു.
എന്നാല്‍, പോള്‍ വറുഗീസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് ഇപ്പോള്‍ രംഗത്തു വന്നിരിയ്ക്കുകയാണ്. നേതൃമാറ്റത്തിന്റെ കാര്യത്തില്‍ തനിയ്ക്ക് ഇരുപക്ഷത്തോടും പ്രത്യേക താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ഇദ്ദേഹം, യു.ഡി.എഫ് നേതാക്കള്‍ തനിയ്ക്ക് ഒരു ടേം പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് ഇപ്പോള്‍ ഓര്‍മ്മപ്പെടുത്തിയിരിയ്ക്കുകയാണ്. അതോടെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ നേതൃമാറ്റം കൂടുതല്‍ സങ്കീര്‍ണ്ണമായി.
ഇതിനിടെ, കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് യു.ഡി.എഫ് ഭരണത്തെ ഒരു തരത്തിലും ബാധിയ്ക്കരുതെന്നും അടിയന്തിരമായി ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടണമെന്നും പോള്‍ വറുഗീസ് ആവശ്യപ്പെടുന്നുണ്ട്.

മംഗളം 12.05.2013


No comments: