Wednesday, May 22, 2013

കാളച്ചന്ത റോഡില്‍ വെളിച്ചമില്ല; മദ്യപാനികളും മറുനാടന്‍ തൊഴിലാളികളും അഴിഞ്ഞാടുന്നു


പെരുമ്പാവൂര്‍: എം.സി റോഡില്‍ നിന്നും പി.പി റോഡിലേക്കു ബന്ധിപ്പിക്കുന്ന കാളച്ചന്ത റോഡില്‍ തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. ഇരുളിന്റെ മറവില്‍ മദ്യപാനികളും മറുനാടന്‍ തൊഴിലാളികളും ഇവിടെ അഴിഞ്ഞാടുകയാണെന്നും ആക്ഷേപമുണ്ട്.
എം.സി റോഡിലെ കേളി, ജയരാജ് എന്നി ബാറുകളില്‍ നിന്നും പി.പി റോഡിലെ വിങ്ങ്‌സ്പാര്‍ക്ക് എന്ന ബാറില്‍ നിന്നും തൊട്ടുചേര്‍ന്നുള്ള ബിവവേറജ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യപിച്ച ശേഷം ഈ വഴിയില്‍ സഞ്ചരിക്കുന്നവര്‍ നിരവധിയാണ്. കൂടാതെ ഈ റോഡില്‍ ഒരു കള്ളുഷാപ്പും ഉണ്ട്. 
ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള മദ്യപാനികളാണ് കാളച്ചന്ത റോഡ് അടക്കി വാഴുന്നത്. പിടിച്ചുപറിയും സ്ത്രീകളെ ശല്യപ്പെടുത്തലും ഇവിടെ പതിവാണ്. രാത്രികാലങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നതും ഇവിടെത്തന്നെ.
കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റില്‍ നിന്നും സ്വകാര്യ ബസ്സ്റ്റാന്റിലേക്ക് പോകാന്‍  സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴിയാണിത്. ഇതിനുപുറമെ റോഡരികില്‍ നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.
വഴിവിളക്കുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്ത് ഈ വഴിയിലെ ഇരുട്ട് അകറ്റാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മിത്ര റസിഡന്റ്‌സ് അസോസിയേഷന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

മംഗളം 22.05.2013

No comments: