Wednesday, May 29, 2013

നഴ്‌സിങ്ങ് ഏറ്റവും ശ്രേഷ്ടമായ പ്രൊഫഷനെന്ന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍

മംഗളം ദിനപ്പത്രം കുമുദ ഗ്രൂപ്പ് ഓഫ് നഴ്‌സിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട്‌സുമായി ചേര്‍ന്ന് ചങ്ങനാശ്ശേരി മെട്രോപോളിറ്റന്‍ പള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച നഴ്‌സിങ്ങ് പഠന ശില്‍പശാല കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍, മംഗളം പെരുമ്പാവൂര്‍ ലേഖകന്‍ സുരേഷ് കീഴില്ലം, പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.ഷൈമോന്‍, സി.എഫ് തോമസ് എം.എല്‍.എ, മംഗളം സീനിയര്‍ എഡിറ്റര്‍ ഹക്കിം നട്ടാശ്ശേരി, മംഗളം ചങ്ങനാശ്ശേരി ലേഖകന്‍ അബ്ദുള്‍ സലാം, കുമുദ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പാള്‍മാരായ തമിഴ്ജ്ഞാനസുന്ദരി, ആലീസ് സോഫിയ എന്നിവരേയും കാണാം.

ചങ്ങനാശ്ശേരി:  നഴ്‌സിങ്ങ് ഏറ്റവും ശ്രേഷ്ടമായ തൊഴിലുകളില്‍ ഒന്നാണെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍ സുരേഷ് അഭിപ്രായപ്പെട്ടു. മംഗളം ദിനപ്പത്രവും ബംഗളരുവിലെ പ്രമുഖ നഴ്‌സിങ്ങ് കോളജായ കുമുദയുമായി ചേര്‍ന്ന് സംഘടിപ്പിച്ച നഴ്‌സിങ്ങ് പഠന ശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ആദരിയ്ക്കപ്പെടുന്ന അദ്ധ്യാപകര്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്കൊപ്പമാണ് നഴ്‌സുമാരുടേയും സ്ഥാനമെന്ന് അദ്ദേഹം വിശദീകരിച്ചു. മനുഷ്യത്വമുള്ള മികച്ച നഴ്‌സുമാരെ വാര്‍ത്തെടുക്കാന്‍ മംഗളം നല്‍കുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന പ്രസിദ്ധീകരണമാണ് മംഗളമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സി.എഫ് തോമസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. സ്ഥാപക പത്രാധിപര്‍ എം.സി വറുഗീസ് പുലര്‍ത്തിയ സാമൂഹ്യപ്രതിബദ്ധത ഇന്നും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി മംഗളം കുമുദയുമായി ചേര്‍ന്നൊരുക്കിയ നഴ്‌സിങ്ങ് പഠന സഹായ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
മലയാളി നഴ്‌സുമാര്‍ അവരുടെ സമര്‍പ്പണ മനോഭാവം കൊണ്ടാണ് ആഗോളതലത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്നതെന്ന് മംഗളം സീനിയര്‍ എഡിറ്റര്‍ ഹക്കീം നട്ടാശ്ശേരി ആമുഖ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ നഴ്‌സിങ്ങ് പഠിച്ചിറങ്ങുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും മികച്ച അവസരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുമുദ ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ ഷൈമോന്‍, മംഗളം ചങ്ങനാശ്ശേരി ലേഖകന്‍ അബ്ദുള്‍ സലാം, കുമുദ ഗ്രൂപ്പിലെ വിവിധ കോളജുകളുടെ പ്രിന്‍സിപ്പാള്‍മാരായ ആലീസ് സോഫിയ, തമിഴ് ജ്ഞാനസുന്ദരി എന്നിവര്‍ പ്രസംഗിച്ചു. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ സ്വാഗതവും അരുണ്‍ നന്ദിയും പറഞ്ഞു.
പലിശ രഹിത വായ്പ നല്‍കി നഴ്‌സിങ്ങ് പഠനത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതി. പഠനം പൂര്‍ത്തിയായി ജോലി സമ്പാദിച്ച ശേഷം മാത്രം വായ്പ തുക തിരിച്ചടച്ചാല്‍ മതിയാകും. ജോലി നേടിക്കൊടുക്കുന്നതിനും കോളജ് സഹായിയ്ക്കും.
ഇതിനു പുറമെ മംഗളം ദിനപ്പത്രം തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ പഠനത്തിനും അവസരമുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9895933444 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 29.05.2013



No comments: