Saturday, May 25, 2013

മംഗളം-കുമുദ നഴ്‌സിങ്ങ് പഠന സഹായപദ്ധതിയ്ക്ക് കട്ടപ്പനയില്‍ തുടക്കം


കട്ടപ്പന:  മംഗളം ദിനപ്പത്രവും ബംഗളരുവിലെ പ്രമുഖ നഴ്‌സിങ്ങ് കോളജായ കുമുദയുമായി ചേര്‍ന്ന്  ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച നഴ്‌സിങ്ങ് പഠന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സൗകര്യമൊരുക്കുന്ന മംഗളം-കുമുദ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് തോമസ് രാജന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി കുളംപിള്ളി അദ്ധ്യക്ഷത വഹിച്ചു. 
മംഗളം പ്രതിനിധി സുരേഷ് കീഴില്ലം പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റും മംഗളം ലേഖകനുമായ കെ.എം മത്തായി, സര്‍ക്കുലേഷന്‍ മാനേജര്‍ കെ.കെ തോമസ്, കുമുദ ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ ഷൈമോന്‍, കുമുദ ഗ്രൂപ്പിലെ വിവിധ കോളജുകളുടെ പ്രിന്‍സിപ്പാള്‍മാരായ  എ നരസിംഹപ്പ, തമിഴ് ജ്ഞാനസുന്ദരി എന്നിവര്‍ പ്രസംഗിച്ചു. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ സ്വാഗതവും നീതു നന്ദിയും പറഞ്ഞു.
പലിശ രഹിത വായ്പ നല്‍കി നഴ്‌സിങ്ങ് പഠനത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതി. പഠനം പൂര്‍ത്തിയായി ജോലി സമ്പാദിച്ച ശേഷം മാത്രം വായ്പ തുക തിരിച്ചടച്ചാല്‍ മതിയാകും. ജോലി നേടിക്കൊടുക്കുന്നതിനും കോളജ് സഹായിയ്ക്കും.
ഇതിനു പുറമെ മംഗളം ദിനപ്പത്രം തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ പഠനത്തിനും അവസരമുണ്ട്. മംഗളവും കുമുദയുമായി ചേര്‍ന്നുള്ള അടുത്ത ശില്‍പശാല 28-ന് നടക്കും. ചങ്ങനാശ്ശേരി മെട്രോപോളിറ്റന്‍ വലിയ പള്ളി പാരിഷ് ഹാളില്‍ കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍ സുരേഷ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. സി.എഫ് തോമസ് എം.എല്‍.എ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895933444 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 25.05.2013

No comments: