Wednesday, October 19, 2011

പ്ളൈവുഡ്‌ കമ്പനി മലിനീകരണം: ആക്ഷന്‍ കൌണ്‍സില്‍ സര്‍വ്വേ നടത്തും

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികളുടെ മലിനീകരണം വിലയിരുത്തുന്നതിന്‌ ആക്ഷന്‍ കൌണ്‍സില്‍ രൂപം നല്‍കിയിട്ടുള്ള സര്‍വ്വേ 20 ന്‌ ആരംഭിയ്ക്കും.
പ്രൊഫ. എസ്‌.സീതാ രാമന്‍, ജോണ്‍ പെരുവന്താനം എന്നിവരുടെ നേത്യത്വത്തിലാണ്‌ വിവരശേഖരണം. വിനീര്‍-പ്ളൈവുഡ്‌-പശ നിര്‍മ്മാണ യൂണിറ്റുകള്‍ സംബന്ധിച്ച്‌ വിവരങ്ങള്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ്‌, ലേബര്‍ ക്യാമ്പുകള്‍, ദൂര പരിധി നിയമം സംബന്ധിച്ച വ്യവസ്ഥകള്‍, മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍, ശുദ്ധജല സ്രോതസുകളുടെ മലിനീകരണം, അന്തരീക്ഷ മലിനീകരണം, തോടുകള്‍-കുളങ്ങള്‍-തുറസ്സായ സ്ഥലങ്ങള്‍-വയലുകള്‍ എന്നിവിടങ്ങളില്‍ രാസവസ്തുക്കള്‍ കലര്‍ന്ന ചാരവും പാഴ്‌വസ്തുക്കളും തള്ളുന്നതുമൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍, കമ്പനിയുടെ സമീപവാസികളെ ബാധിച്ചിട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍, രോഗഭയത്താല്‍ വീടും സ്ഥലവും വിറ്റ്‌ ഒഴിഞ്ഞുപോകുന്ന സ്ഥലവാസികള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ്‌ സര്‍വ്വേയില്‍ ശേഖരിക്കുന്നത്‌.
പ്ളൈവുഡ്‌ കമ്പനി സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട കുറഞ്ഞ ദൂരപരിധി ൫൦ മീറ്ററായി നിശ്ചയിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കഴിഞ്ഞ ജൂലൈ മാസത്തില്‍ പുറത്തിറക്കിയ ഉത്തരവിലെ വ്യവസ്ഥകള്‍ പുതിയ പ്ളൈവുഡ്‌ കമ്പനികള്‍ക്ക്‌ ബാധകമാക്കണമെന്ന്‌ പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. മുന്‍പ്‌ 10 മീറ്ററായിരുന്നു കുറഞ്ഞദൂരപരിധി. ഈ ഉത്തരവ്‌ ഇറങ്ങുന്നതിന്‌ മുമ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ മറ്റ്‌ ഏജന്‍സികളുടെയോ അനുവാദം വാങ്ങിയിട്ടുള്ളവര്‍ക്ക്‌ കമ്പനി തുടങ്ങാന്‍ പുതിയ വ്യവസ്ഥ ബാധകമല്ലെന്നാണ്‌ പിന്നീടുണ്ടായ ഉത്തരവില്‍ പറയുന്നത്‌. പുതിയ ദൂരപരിധി വ്യവസ്ഥ നിശ്ചിയിക്കുന്നത്‌ മുന്‍കൂട്ടി കണ്ട്‌ ഒട്ടേറെ പുതിയ കമ്പനികള്‍ സ്ഥാപിക്കുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്‌. വെങ്ങോല, രായമംഗലം, വാഴക്കുളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളാണ്‌ കൂടുതല്‍ കമ്പനികള്‍ക്ക്‌ അനുവാദം നല്‍കിയിട്ടുള്ളത്‌.
പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ ഫാക്ടറികളുടെ നിര്‍മ്മാണത്തിന്‌ അനുകൂല സാഹചര്യം കാത്തിരിക്കുകയാണ്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്ളൈവുഡ്‌ ഉടമാസംഘവും നടത്തിയ ഒത്തുകളിയുടെ ഫലമാണ്‌ പുതിയ ഉത്തരവെന്നും ആക്ഷന്‍ കൌണ്‍സില്‍ ആരോപിച്ചു. പാര്‍പ്പിട മേഖലകളില്‍ പുതിയ കമ്പനികള്‍ ആരംഭിച്ചാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തടയുമെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി വ്യക്തമാക്കി. 
തൊടുപുഴ മേഖലയില്‍ പ്ളൈവുഡ്‌ കമ്പനികള്‍ സ്ഥാപിക്കുവാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലേയ്ക്കും പ്രക്ഷോഭം വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി, കെ.ആര്‍ നാരായണപിള്ള, ശിവന്‍കദളി, പീറ്റര്‍ ജെ തറയില്‍, കെ.എം ഇല്യാസ്‌, എം.കെ ശശിധരന്‍ പിള്ള, സലിം ഫാറൂഖി, ടി.കെ സാബു, പി.കെ സത്യന്‍, പോള്‍ ആത്തുങ്കല്‍, അഡ്വ. ഷാജി തൈവളപ്പില്‍, ജി ക്യഷ്ണകുമാര്‍, എം.എം അലിയാര്‍, ടി.എ മണിമാസ്റ്റര്‍, ടി.കെ ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 18.10.11

No comments: