പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, October 25, 2011

സ്വകാര്യബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ യാത്രക്കാരന്‍ മരിച്ച സംഭവം: പോലീസ്‌ പ്രതികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന്‌ ആക്ഷേപം

നാട്ടുകാര്‍ ബസുകള്‍ തടഞ്ഞു
പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ്‌ ടെക്സ്റ്റൈത്സ്‌ ഉടമയായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസ്‌ പ്രതികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന്‌ ആക്ഷേപം. കണ്ടക്ടറെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്നലെ വലിയകുളം ഭാഗത്ത്‌ സ്വകാര്യബസുകള്‍ തടഞ്ഞു.
പോക്കറ്റടിച്ചെന്ന്ആരോപിച്ച്‌ പാലക്കാട്‌ സ്വദേശി രഘുവിനെ സഹയാത്രികര്‍ മര്‍ദ്ദിച്ചു കൊന്നിട്ട്‌ ദിവസങ്ങള്‍ പിന്നിടും മുമ്പാണ്‌ സ്വകാര്യ ബസ്‌ യാത്രക്കാരനായ വെസ്റ്റ്‌ വെങ്ങോല ചായാട്ടുവീട്ടില്‍ സി.വി ഗംഗാധരന്‍ (60) ആണ്‌ മരിച്ചത്‌. മരണം ഹൃദയാഘാതം മൂലമാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
എന്നാല്‍ ഒപ്പം യാത്രചെയ്ത മകന്‍ റെനീഷ്‌, കണ്ടക്ടറുടെ മര്‍ദ്ദനം മൂലമാണ്‌ പിതാവ്‌ മരിച്ചതെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്‌. ഗംഗാധരന്‍ ഹൃദയസംബന്ധമായ രോഗങ്ങളുള്ള ആളായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. 
പെരുമ്പാവൂര്‍-തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന റെമീസ്‌ എന്ന സ്വകാര്യബസില്‍ ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ്‌ സംഭവം. ഓടയ്ക്കാലിയിലെ സ്വന്തം സ്ഥാപനമായ മയൂര ടെക്സ്റ്റൈത്സ്‌ പൂട്ടി ഗംഗാധരനും മകന്‍ റെനീഷും വീട്ടിലേയ്ക്ക്‌ മടങ്ങുമ്പോഴാണ്‌ ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മര്‍ദ്ദനത്തിലും പിന്നീട്‌ മരണത്തിലും കലാശിച്ചത്‌. ടിക്കറ്റെടുക്കാനാവശ്യപ്പെട്ട കണ്ടക്ടറോട്‌ പിന്നില്‍ മകന്‍ എടുക്കുമെന്ന്‌ ഗംഗാധരന്‍ പറഞ്ഞു. അല്‍പസമയം കഴിഞ്ഞ്‌ വീണ്ടുമെത്തിയ കണ്ടക്ടര്‍ പിന്നിലാരും ടിക്കറ്റെടുത്തില്ലെന്നു പറഞ്ഞ്‌ ഗംഗാധരനോട്‌ ക്ഷോഭിച്ച്‌ സംസാരയ്ക്കുകയായിരുന്നു. പിന്നീട്‌ അടിവയറില്‍ കൈകൊണ്ട്‌ കുത്തുകയും കഴുത്തിന്‌ പിടിച്ച്‌ തളളുകയും ചെയ്തുവെന്നും ഒപ്പമുണ്ടായിരുന്ന മകന്‍ പറയുന്നു.
താഴെ വീണ ഇയാളെ ആശുപത്രിയിലെത്തിയ്ക്കാന്‍ പോലും തയ്യാറാകാതെ ബസ്‌ യാത്ര തുടര്‍ന്നു. കുഴഞ്ഞുവീണ പിതാവിനെ മകന്‍ ഓട്ടോ വിളിച്ച്‌ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇന്നലെ ആലപ്പുഴയില്‍ മെഡിയ്ക്കല്‍ സര്‍ജന്‍ മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തു. 
അതേസമയം, സംഭവം നടന്ന ബസും ഉടമ ചേലക്കുളം സ്വദേശി സലിമും പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. കണ്ടക്ടര്‍ വലിയകുളം സ്വദേശി ജോബി ഒളിവിലാണ്‌. എന്നാല്‍ ഗംഗാധരന്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചുവെന്ന നിലപാട്‌ കൈക്കൊണ്ട പെലീസ്‌ ഇതേവരെ കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന്‌ അറിയുന്നു. 
കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റില്‍ നടന്ന കൊലപാതകം സംബന്ധിച്ച അന്വേഷണവും തുടങ്ങിയിടത്തുതന്നെയാണ്‌. വലിയകുളം ക്ഷീരോത്പാദക സംഘം പ്രസിഡണ്റ്റ്‌, കോണ്‍ഗ്രസ്‌ വാര്‍ഡ്‌ പ്രസിഡണ്റ്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗംഗാധരന്‍ നായരുടെ മരണത്തിന്‌ ഉത്തരവാദികളായവരെ ശിക്ഷിയ്ക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരാനാണ്‌ നാട്ടുകാരുടെ തീരുമാനം.
25.10.2011

No comments: