Tuesday, October 18, 2011

ദുരൂഹതകള്‍ ബാക്കി; പ്രതിയെ മാറ്റാന്‍ നീക്കം

പെരുമ്പാവൂറ്‍: കെ.എസ്‌.ആര്‍.ടി.സി ബസില്‍ പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ സഹയാത്രികര്‍ അടിച്ചുകൊന്ന കേസില്‍ പ്രതിയെ മാറ്റുമെന്ന്‌ സൂചന. തണ്റ്റെ ഗണ്‍മാന്‍, മരിച്ച രഘുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മര്‍ദ്ദിച്ചവരെ പിടിച്ചുമാറ്റുകയായിരുന്നുവെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവന നടത്തിയത്‌ ഇത്തരമൊരു നാടകീയതയിലേയ്ക്കുള്ള വഴിത്തിരിവെന്ന്‌ കരുതുന്നവരുണ്ട്‌. 
അതിണ്റ്റെ മുന്നോടിയായി ഗണ്‍മാന്‍ സതീശന്‍ രണ്ടാം പ്രതിയായിട്ടാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. മാത്രവുമല്ല, സംഭവവുമായി ബന്ധപ്പെട്ട്‌ മൊഴി നല്‍കാനായി ഇന്നലെ വളരെ വൈകി സ്റ്റേഷനിലെത്തിയ ബസിലെ രണ്ടു യാത്രക്കാര്‍ ഇറക്കുമതി സാക്ഷികളാണോയെന്നും സംശയിക്കുന്നവരുണ്ട്്‌. രഘുവിണ്റ്റെ മരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കസ്റ്റഡിയിലായവരെ പറ്റിയുള്ള വിവരങ്ങള്‍ അതീവരഹസ്യമാക്കി വയ്ക്കുന്നതില്‍ പോലീസ്‌ ജാഗ്രത പുലര്‍ത്തി. മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ്‌, സുധകരണ്റ്റെ ഗണ്‍മാന്‍ നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ എന്നിവരാണ്‌ പിടിയിലായതെന്നു പുറം ലോകം അറിഞ്ഞു മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ഇവരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. മാധ്യമങ്ങള്‍ക്ക്‌ ഇവരുടെ ഫോട്ടോ ലഭിയ്ക്കാതിരിയ്ക്കാന്‍ പോലീസ്‌ കനത്തവലയമാണ്‌ സൃഷ്ടിച്ചത്‌.
സതീശനും സന്തോഷിനും പുറമെ മൂന്നാമതൊരാള്‍ കൂടി രഘുവിനെ മര്‍ദ്ദിച്ചതായി സൂചനകളുണ്ട്‌. പോക്കറ്റടിച്ച യുവാവിന്‌ രണ്ടടി കൊടുത്ത ശേഷം ഇയാള്‍ സ്ഥലം വിട്ടുവെന്ന്‌ മര്‍ദ്ദനം നടന്ന പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിലുണ്ടായിരുന്നവര്‍ പറയുമ്പോള്‍ സന്തോഷും മൂന്നാമത്തെയാളും ചേര്‍ന്ന്‌ രഘുവിനെ മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്നും സതീശന്‍ ഇവരെ പിടിച്ചു മാറ്റിയെന്നും രഘു കുഴഞ്ഞുവീണതോടെ രംഗം പന്തിയല്ലെന്നു കണ്ട്‌ മൂന്നാമന്‍ സ്ഥലം വിടുകയായിരുന്നുവെന്നുമുള്ള കഥയിലാണ്‌ പോലീസിണ്റ്റെ ഊന്നല്‍.
പെരുമ്പാവൂരില്‍ തന്നെ മുമ്പ്‌ കേസുള്ള സന്തോഷിണ്റ്റെ ക്രിമിനല്‍ പശ്ചാത്തലം അയാളെ പ്രതിസ്ഥാനത്തു നിന്ന്‌ രക്ഷപ്പെടാനുള്ള പഴുതടയ്ക്കുന്നു. മുമ്പ്‌ സ്വര്‍ണ്ണപ്പണിക്കാരനായിരുന്ന സന്തോഷ്‌ ടൌണിലെ ഒരു ജ്വവല്ലറിയില്‍ നിന്ന്‌ 144 ഗ്രാം സ്വര്‍ണ്ണം, ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനായി വാങ്ങിയിരുന്നു. എന്നാല്‍ അതു തിരിച്ചുകൊടുക്കുകയോ പണം കൊടുക്കുകയോ ചെയ്തില്ല. വിശ്വാസ വഞ്ചനക്കുറ്റത്തിന്‌ 2003-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളുടെ ജേഷ്ഠന്‍ ജയനും കൂട്ടുപ്രതിയാണ്‌. 
സന്തോഷും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മൂന്നാമനും പ്രതികളാവുന്നതോടെ ഗണ്‍മാന്‍ സതീശന്‍ പിടിച്ചുമാറ്റാന്‍ എത്തിയ സാക്ഷിയായി മാറിയേക്കും. എന്നാല്‍, മര്‍ദ്ദനം തടയാന്‍ ചെന്ന പലരും പിന്തിരിഞ്ഞത്‌ സതീശന്‍ പോലീസുകാരനാണെന്ന്‌ പറഞ്ഞെതോടെയാണ്‌. പോക്കറ്റടിക്കാരനെ പോലീസ്‌ തല്ലുന്നതില്‍ ഇടപെടേണ്ടതില്ലെന്നാണ്‌ സ്റ്റാണ്റ്റിലെ യാത്രക്കാരും കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരും കരുതിയത്‌. സന്തോഷ്‌ സ്റ്റാണ്റ്റിലെ തൂണില്‍ കൈ പിന്നിലേയ്ക്ക്‌ പിടിച്ചുകൊടുത്തപ്പോള്‍ സതീശന്‍ മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്നാണ്‌ ദൃക്സാക്ഷികളുടെ മൊഴി. പുറമെ മുറിവുണ്ടാകാത്ത തരത്തിലുള്ള പോലീസ്‌ സ്റ്റൈല്‍ മര്‍ദ്ദനവും ഇതിന്‌ ബലം കൂട്ടുന്നു. രഘുവിണ്റ്റെ നെഞ്ചിനും തലയ്ക്ക്‌ ഇരുവശത്തുമായിരുന്നു മര്‍ദ്ദനം മുഴുവനും. ഇടിച്ചയാളുടെ കയ്യിലെ മോതിരം കൊണ്ടുണ്ടായ ചെറിയ മുറിവുമാത്രമെ തലയിലുള്ളു. പക്ഷെ, മരണകാരണം തലയ്ക്കത്തെ മുറിവാണെന്നാണ്‌ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍.
എന്നാല്‍, രഘു പോക്കറ്റടിച്ചിരുന്നോ എന്നു വ്യക്താമായി പറയാന്‍ ഇപ്പോഴും പോലീസിനു കഴിയുന്നില്ല. രഘുവിണ്റ്റെ മൃതദേഹത്തില്‍ നിന്ന്‌ കേവലം ഏഴായിരം രൂപയാണ്‌ പോലീസ്‌ കണ്ടെടുത്തത്‌. ഇയാളെ മര്‍ദ്ദിച്ച സന്തോഷിണ്റ്റെ കയ്യില്‍ നിന്ന്‌ പത്തൊമ്പതിനായിരം രൂപ ലഭിച്ചു. രഘുവിണ്റ്റെ ബന്ധുക്കളുടെ മൊഴിയനുസരിച്ച്‌ മോതിരം പണയം വച്ച തുകയും ശമ്പളവും സുഹൃത്തിണ്റ്റെ അടുത്തുനിന്ന്‌ വായ്പയായി വാങ്ങിയ തുകയും അയാളുടെ കയ്യിലുണ്ടായിരുന്നുവെന്നതാണ്‌ ബന്ധുക്കളുടെ മൊഴി. ഇത്‌ പോലീസ്‌ അന്വേഷണം നടത്തി സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളുടെ മൊഴി ശരിയാണെന്ന്‌ വന്നാല്‍, ബാക്കിതുക എവിടെ പോയെന്നും കണ്ടെത്തേണ്ടി വരും. 
മംഗളം 13.10.11

No comments: