പെരുമ്പാവൂര്‍: എം.സി റോഡിലെ കാലടി ശ്രീശങ്കരപ്പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി.
ഇന്നലെ രാവിലെ പതിനൊന്ന് മുതലാണ് പണിമുടക്ക് തുടങ്ങിയത്. അതോടെ കോരിച്ചൊരിയുന്ന മഴയില്‍ നിരവധി യാത്രക്കാര്‍ പെരുവഴിയിലായി.
പാലത്തില്‍ രൂപംകൊണ്ടിട്ടുള്ള കുണ്ടുംകുഴിയും വെള്ളക്കെട്ടുമാണ് ഇവിടെ ഗതാഗതക്കുരുക്ക് സൃഷ്ടിയ്ക്കുന്നത്. പാലത്തില്‍ വാഹനങ്ങള്‍ മണിക്കൂറുകളാണ് കുരുങ്ങുന്നത്. വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ക്ക് ഇപ്പുറം വല്ലം വരെ നീളുന്ന സ്ഥിതിയായി. സ്വകാര്യ ബസുകളുടെ ട്രിപ്പുകള്‍ കഴിഞ്ഞ മൂന്നു ദിവസമായി പലതും മുടങ്ങി.
ഇതിനിടെ വാഹനഗതാഗതം നിയന്ത്രിയ്ക്കാന്‍ പ്രദേശവാസികളായ യുവാക്കള്‍ നിരത്തിലിറങ്ങിയതും വിവാദമായി. ടിപ്പറുകളേയും മറ്റും കടന്നുപോകാന്‍ അനുവദിയ്ക്കുന്ന യുവാക്കള്‍ സ്വകാര്യബസുകള്‍ അനാവശ്യമായി പിടിച്ചിടുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതാണ് സ്വകാര്യ ബസുകള്‍ അപ്രതീക്ഷിതമായി മിന്നല്‍ പണിമുടക്ക് തുടങ്ങാനുള്ള സാഹചര്യം. ഗതാഗതക്കുരുക്കിന് പരിഹാരമാകാതെ ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടിലാണ് ബസ് തൊഴിലാളി യൂണിയനുകള്‍.
റോഡിലെ കുഴികള്‍ നികത്തി അടിയന്തിരമായി ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ വറുഗീസ് ഇതിനിടെ പാലത്തില്‍ ക്കുത്തിയിരിയ്ക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി പോള്‍സണ്‍ കുടിയിരുപ്പില്‍, പി.കെ മോഹന്‍ദാസ്, ഫ്രാന്‍സിസ് ആനിപ്പറമ്പില്‍, ബിജു താടിക്കാരന്‍ തുടങ്ങിയവരും പോള്‍ വറുഗീസിന് ഒപ്പമുണ്ടായിരുന്നു.
പാലത്തിന്റെ കൈവരികള്‍ പുതുക്കുന്ന ജോലികള്‍ രണ്ടുമാസം മുമ്പാണ് പൂര്‍ത്തിയായത്. പാലത്തിന് താഴെ ലക്ഷങ്ങള്‍ മുടക്കി തടയണ തീര്‍ത്തിട്ടുമുണ്ട്. എന്നാല്‍, പാലത്തില്‍ ടാറിങ്ങ് നടത്തി വാഹനഗതാഗതം സുഗമമാക്കുകയെന്ന അടിസ്ഥാന ആവശ്യം അധികൃതര്‍ അവഗണിയ്ക്കുകയാണെന്ന് പോള്‍ വറുഗീസ് പറയുന്നു.
മംഗളം 20.06.2013
No comments:
Post a Comment