പെരുമ്പാവൂര്‍: ഭാരത സര്‍ക്കാരിന്റെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഒക്കല്‍, കൂവപ്പടി ഗ്രാമപഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപകമായ പരാതി.
ആധാര്‍കാര്‍ഡിന് വേണ്ടി ഒരു വര്‍ഷം മുമ്പ് തന്നെ ഈ പഞ്ചായത്തുകളിലെ നിവാസികള്‍ പലരും അപേക്ഷ നല്‍കിയിരുന്നു. ജോലി ദിവസങ്ങളില്‍ അതുപേക്ഷിച്ചും കുട്ടികളുടെ പഠിപ്പു മുടക്കിയും കുടുംബസമേതം എത്തി മണിക്കൂറുകള്‍ ക്യൂ നിന്നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇങ്ങനെ അപേക്ഷ നല്‍കിയ 90 ശതമാനം പേര്‍ക്കും ആധാര്‍കാര്‍ഡ് അയച്ചു കിട്ടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ അക്ഷയകേന്ദ്രങ്ങളില്‍ അന്വേഷിക്കാനായിരുന്നു നിര്‍ദ്ദേശം. ആളൊന്നിന് പത്തുരൂപ നിരക്കില്‍ പരിശോധിച്ചപ്പോള്‍ പലര്‍ക്കും കാര്‍ഡ് ശരിയായിട്ടില്ലെന്നും പുതിയ അപേക്ഷ നല്‍കണമെന്നുമായിരുന്നു അവരില്‍ നിന്നുള്ള മറുപടി. വീണ്ടും രണ്ടുരൂപ കൊടുത്ത് കാര്‍ഡിന് അപേക്ഷ നല്‍കേണ്ടി വന്നു.
അധാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അക്ഷയകേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന അനാസ്ഥ ഗുരുതരമാണെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കൗണ്‍സിലര്‍ സി കുമാരന്‍ ചൂണ്ടിക്കാട്ടുന്നു.
ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രത്തില്‍ റയോണ്‍പുരം പോസ്റ്റോഫീസിന്റെ പിന്‍കോഡ് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. റയോണ്‍പുരം നിവാസികള്‍ ആധാര്‍കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ അക്ഷയ കേന്ദ്രം അധികൃതര്‍ ഒക്കല്‍ തപാല്‍ ഓഫീസിന്റേയോ ഇടവൂര്‍ തപാല്‍ ഓഫീസിന്റേയോ പിന്‍കോഡാണ് ടൈപ്പ് ചെയ്യുക.
നാളുകള്‍ക്ക് ശേഷം കാര്‍ഡ് വരുമ്പോഴാണ് പലപ്പോഴും തങ്ങളുടെ അഡ്രസിനൊപ്പമുള്ളത് തെറ്റായ പിന്‍കോഡാണ് എന്ന് ആളുകള്‍ അറിയുന്നത്. പിന്നീടിത് തിരുത്താന്‍ സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങളാണ് ഉള്ളത്.
അതേ സമയം പെരുമ്പാവൂര്‍ അക്ഷയയില്‍ റയോണ്‍പുരത്തിന്റെ പിന്‍കോഡ് ഉള്‍പ്പെടുത്താനാവും. എന്നാല്‍ ഓരോ രജിസ്‌ട്രേഷനിലുമുള്ള കമ്മീഷന്‍ നഷ്ടപ്പെടാതിരിക്കാനായി ഒക്കല്‍ അക്ഷയ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ അപേക്ഷകരോട് ഇക്കാര്യം പറയാറില്ലത്രെ. പകരം തെറ്റായ പിന്‍കോഡ് ചേര്‍ത്ത് അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നു.
ഇതിനുപുറമെ ഇടവൂരും കൂടാലപ്പാടും ആധാര്‍ രജിസ്‌ട്രേഷനുവേണ്ടി മുമ്പ് ക്യാമ്പ് നടത്തിയിരുന്നു. ക്യാമ്പില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്ത് പേര് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് അന്ന് ക്യാമ്പില്‍ നടത്തിയ രജിസ്‌ട്രേഷനിലെ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ നിന്ന് നഷ്ടപ്പെട്ടുപോയി എന്ന് പറഞ്ഞ് വീണ്ടും ഇവിടെ ക്യാമ്പ് നടത്തി. വൃദ്ധരും വികലാംഗരുമായ ആളുകള്‍ വീണ്ടും എത്തി അപേക്ഷ നല്‍കേണ്ടി വന്നു.
ആധാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കരുതെന്നും പൂര്‍ണമായും ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ഒക്കല്‍ മണ്ഡലം പ്രസിഡന്റ് എം.സി ജെയ്‌മോന്‍ പറയുന്നു. ഇക്കാര്യത്തില്‍ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്നും അതല്ലെങ്കില്‍ അക്ഷയ സെന്ററുകള്‍ക്കു മുന്നില്‍ വലിയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജെയ്‌മോന്‍ മുന്നറിയിപ്പു നല്‍കി.
മംഗളം 6.06.2013
No comments:
Post a Comment