Sunday, June 2, 2013

കാരുണ്യ ഹൃദയതാളം ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് മുസ്ലിം ലീഗ് അംഗങ്ങളും രാജി വയ്ക്കുന്നു

വെങ്ങോല ഗ്രാമപഞ്ചായത്ത്


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കാരുണ്യ ഹൃദയതാളം പദ്ധതി വിവാദമായതോടെ പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച ചാരിറ്റബള്‍ സൊസൈറ്റിയില്‍ നിന്ന് പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ അംഗങ്ങളും രാജിവയ്ക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മുമ്പ് സൊസൈറ്റി അംഗത്വം രാജിവച്ചിരുന്നു.
പദ്ധതിയുടെ പേരില്‍ നടക്കുന്ന വ്യാപകമായ അനധികൃത പണപ്പിരിവിലും ക്രമക്കേടുകളിലും പ്രതിഷേധിച്ചാണ് ഭരണകക്ഷി മെമ്പര്‍മാരായ റാഫിയ ഇബ്രാഹിം, കെ.പി അബ്ദുള്‍ ജലാല്‍, നസീമ റഹിം എന്നിവരോട് രാജിവയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടത്. ഇതില്‍ റാഫിയ ഇബ്രാഹിം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.
വേണ്ടത്ര കൂടിയാലോചനകളില്ലാതെ പ്രസിഡന്റ് ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ ശ്രമിയ്ക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. പദ്ധതിയ്ക്ക് രൂപം നല്‍കിയപ്പോള്‍ പ്രഖ്യാപിച്ചിരുന്ന തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിച്ച് ചില കോണ്‍ഗ്രസ് അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ പേരില്‍ വ്യാപകപ്പണപ്പിരിവാണ് നടത്തിയത്. പ്ലൈവുഡ് കമ്പനികള്‍, ക്രഷര്‍ യൂണിറ്റുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തുകയാണ് പിരിച്ചെടുത്തത്. ഇതിനായി അച്ചടിച്ചിറക്കിയ കൂപ്പണില്‍ കൃത്യമായ ക്രമനമ്പറോ ബുക്ക് നമ്പറോ കൗണ്ടര്‍ഫോയിലോ ഉണ്ടായിരുന്നില്ല. ഒരേ നമ്പറില്‍ അനേകം കൂപ്പണുകള്‍ അച്ചടിച്ചിറക്കിയായിരുന്നു പിരിവ്.
പദ്ധതിയ്ക്ക് പഞ്ചായത്തുമായി ബന്ധമില്ലെന്ന് സെക്രട്ടറി പരസ്യപ്രഖ്യാപനം നടത്തിയതോടെ നിയമക്കുരുക്കില്‍ നിന്ന് തലയൂരാനാണ് കാരുണ്യ ഹൃദയതാളം ചാരിറ്റബള്‍ സൊസൈറ്റി രൂപീകരിച്ചത്. ഇതിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള ഒരു കാര്യവും പ്രധാനഘടക കക്ഷിയായ മുസ്ലിം ലീഗുമായി ആലോചിച്ചില്ല. മാത്രവുമല്ല പദ്ധതിയുടെ പേരില്‍ സമാഹരിച്ച തുക നാളിതുവരെ സൊസൈറ്റിയുടെ പേരില്‍ നിക്ഷേപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ലീഗ് അംഗങ്ങളോട് സൊസൈറ്റി അംഗത്വം രാജിവയ്ക്കാന്‍ ലീഗ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗം ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി അബ്ദുള്‍ ജലാല്‍ അദ്ധ്യക്ഷത വഹിച്ചു.
വാഴക്കുളം ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ഷെമീര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.എം അഷറഫ്, ഇ.എസ് സൈനുദ്ദീന്‍, എം.എം റഹിം, വി.എച്ച് മുഹമ്മദ്, ഷിബു മീരാന്‍, കെ.ഇ റഷീദ്, ഉമ്മര്‍ പുലവത്ത് എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 1.06.2013

No comments: