പട്ടാപ്പകല്‍ കത്തി നശിച്ചത് മൂന്നു കടമുറികള്‍
പെരുമ്പാവൂര്‍: പട്ടണത്തില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നു കടമുറികള്‍ കത്തി നശിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ ടൗണിലുണ്ടാകുന്ന നാലാമത്തെ അഗ്നിബാധയാണ് ഇത്.
ആലുവ-മൂന്നാര്‍ റോഡില്‍ ഫെഡറല്‍ ബാങ്കിനും വോഡ ഫോണ്‍ സ്റ്റോറിനും മദ്ധ്യത്തിലുള്ള പഴയ ഇരുനിലകെട്ടിടത്തിന്റെ മുകളിലുള്ള ഓടുമേഞ്ഞ മൂന്നു മുറികളാണ് ഇന്നലെ കത്തിനശിച്ചത്. ലക്ഷ്മി ജ്വവല്ലറി ഉടമകളായ കോതമംഗലം ഇരമല്ലൂര്‍ ലക്ഷ്മി വീട്ടില്‍ പ്രജേഷ് കൃഷ്ണന്‍, ഇരമല്ലൂര്‍ സരസ്വതി വിലാസത്തില്‍ പ്രമോദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ടു മുറികളും ബാബൂസ് കമ്മ്യൂണിക്കേഷന്‍സ് ഉടമ പെരുമ്പാവൂര്‍ വീച്ചാട്ടുമഠം രാജേഷ് വി.എസിന്റെ ഉടമസ്ഥതയിലുള്ള ഒരു മുറിയിലുമാണ് അഗ്നിബാധ ഉണ്ടായത്. നഷ്ടം കണക്കാക്കിയിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തിയെങ്കിലും അഗ്നി നിയന്ത്രാണാതീതമായിരുന്നു. ഇതേതുടര്‍ന്ന് കോതമംഗലത്തു നിന്ന് രണ്ടു യൂണിറ്റുകളും ആലുവ, അങ്കമാലി ഫയര്‍ ഓഫീസുകളില്‍ നിന്ന് ഓരോ യൂണിറ്റുകളും എത്തിയാണ് തീയണച്ചത്. ഫയര്‍ ഓഫീസര്‍ എന്‍.ജെ ബേബിയുടെ നേതൃത്വത്തില്‍ രണ്ടു മണിക്കൂറുകള്‍ ശ്രമിച്ച ശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. പെരുമ്പാവൂര്‍, കുറുപ്പംപടി സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. കത്തിനശിച്ച ഒരു മുറിയില്‍ വാച്ചുകളുടേയും മൊബൈല്‍ ഫോണുകളുടേയും സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ഉപയോഗിച്ചിരുന്ന ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീപടര്‍ന്നത് എന്നും കരുതുന്നുണ്ട്.
കൈതാരന്‍ ഗ്ലാസ് ഹൗസ്, മൂലന്‍സ് ഫാമിലി മാര്‍ട്ട്, പെരുമ്പാവൂര്‍ പെയിന്റ്‌സ്, ജനറല്‍ ഇലക്ട്രിക്കല്‍സ് ആന്റ് സാനിറ്ററി എന്നി സ്ഥാപനങ്ങള്‍ക്കാണ് മുമ്പ് അഗ്നിബാധയുണ്ടായത്.
മംഗളം 11.06.2013

No comments:
Post a Comment