പെരുമ്പാവൂര്‍: കോട്ടപ്പാറ വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കാട്ടാനകളെ തടയാന്‍ തയ്യാറാക്കിയ സൗരോര്‍ജ്ജ വേലിയുടെ നിര്‍മ്മാണം പാതി വഴിയില്‍.
കണ്ണക്കട, കൈതപ്പാറ, കുറുബാനപ്പാറ, കയറ്റുവ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. രാവും പകലും ഭേതമില്ലാതെ ഇറങ്ങുന്ന കാട്ടാനകള്‍ തെങ്ങ്, കവുങ്ങ്, റബര്‍, വാഴ തുടങ്ങിയവ പിഴുതെറിയുകയാണ്. കുന്നത്തു വീട്ടില്‍ തങ്കപ്പന്‍, രവി, രാഘവന്‍, ശിവന്‍ എന്നിവരുടെ കൃഷികളാണ് നശിച്ചതിലേറെയും.
കാട്ടില്‍ നിന്ന് പുഴ കടന്നാണ് കാട്ടാനക്കൂട്ടങ്ങളുടെ വരവ്, അക്വേഷ്യ പ്ലാന്റേഷനിലെ മരങ്ങളുടെ മധുരമുള്ള തൊലിയാണ് ഇവയുടെ പ്രധാന ആകര്‍ഷണം. നാട്ടുപ്ലാവുകളിലെ പഴുത്ത ചക്കകളും ഇവ ലക്ഷ്യം വയ്ക്കുന്നു. ഉറക്കെ ഒച്ചയെടുത്തും പാട്ടകള്‍ കൊട്ടിയുമാണ് നാട്ടുകാര്‍ ആനകളെ തുരത്താന്‍ ശ്രമിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വ്യാപകമായിരുന്നു. കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുംവഴി പാടത്തി വീട്ടില്‍ അമ്മിണിക്കും സ്‌കൂളില്‍ പോയ പുത്തന്‍പുര വീട്ടില്‍ ലെനിനെന്ന വിദ്യാര്‍ത്ഥിക്കും കാട്ടാനകളുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു
ഇതേ തുടര്‍ന്നാണ് സാജുപോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വനാതിര്‍ത്തിയില്‍ സൗരോജ്ജ വേലി തീര്‍ക്കാന്‍ തീരുമാനമായത്. വനം വകുപ്പ് അഞ്ചു ലക്ഷം രൂപ മുടക്കി നാലുകിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ സോളാര്‍ വേലി നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഇനിയും നാലുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കൂടി സോളാര്‍വേലി കെട്ടിയാലെ കാട്ടാനകളുടെ ആക്രമണത്തെ ചെറുക്കാന്‍ കഴിയൂ എന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം വനം വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും ഇതിനു വേണ്ടി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് രണ്ടു ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും കോടനാട് ഡി.എഫ്.ഒ നാഗരാജന്‍ മംഗളത്തോട് പറഞ്ഞു.
മംഗളം 29.06.2013
No comments:
Post a Comment