പെരുമ്പാവൂര്‍: സംസ്ഥാന വ്യാപകമായി വ്യക്തികളേയും സ്ഥാപനങ്ങളേയും കബളിപ്പിച്ച് തട്ടിയെടുത്ത കോടികള്‍ ഭര്‍ത്താവ് ഒരു ചലചിത്രനടിയ്ക്ക് നല്‍കിയെന്ന് അറസ്റ്റിലായ യുവതി. തട്ടിപ്പില്‍ തനിയ്ക്ക് പങ്കില്ലെന്നും ഭര്‍ത്താവും സിനിമാതാരവും ചേര്‍ന്ന് തന്നെ വെട്ടിലാക്കുകയായിരുന്നുവന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന.
ചങ്ങനാശ്ശേരി വൈ.എം.സി.എ യ്ക്ക് സമീപം വട്ടപ്പാറ പടിഞ്ഞാറേതില്‍ വീട്ടില്‍ സോമരാജന്റെ മകള്‍ സരിത എസ് നായരാണ് ഈ മാസം മൂന്നിന് പോലീസ് പിടിയിലായത്. തിരുവനന്തപുരത്തുള്ള വാടക വീട്ടില്‍ നിന്നും പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ കൊട്ടാരക്കര സ്വദേശി ആര്‍.ബി നായരെന്ന ബിജു രാധാകൃഷ്ണനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സരിതയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരെ എത്തിച്ച് പോലീസ് തെളിവെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അപ്പോഴാണ് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഭര്‍ത്താവുമായി താന്‍ പിരിഞ്ഞ് താമസിയ്ക്കുകയാണെന്നും ബിജു രാധാകൃഷ്ണന് ഒരു ചലചിത്ര താരവുമായി ബന്ധമുണ്ടെന്നും സരിത വെളിപ്പെടുത്തിയത്. ഈ ചലചിത്രനടി ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.
സോളാര്‍ പവര്‍ പ്ലാന്റുകളും ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി പ്ലാന്റുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള വിന്റ് മില്‍ ഫാമുകളും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എറണാകുളം ചിറ്റൂര്‍ റോഡില്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം രണ്ടു മാസം മുമ്പ് അടച്ചുപൂട്ടി പ്രതികള്‍ മുങ്ങുകയായിരുന്നു.
2012-ല്‍ മുടിക്കലുള്ള കുറ്റപ്പാലില്‍ സജാതിന് വിന്റ് മില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 4050000 രൂപ കബളിപ്പിച്ചിരുന്നു. ഈ കേസില്‍ നടന്ന അന്വേഷണമാണ് സരിതയുടെ അറസ്റ്റില്‍ എത്തിച്ചത്.
തിരുവനന്തപും കവടിയാര്‍ ഭാഗത്ത് ക്രഡിറ്റ് ഇന്ത്യ എന്ന പേരില്‍ നടത്തിയ തട്ടിപ്പ് സ്ഥാപനത്തിന്റെ പേരില്‍ ബിജുവും സരിതയും 2010-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ആറു മാസം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ആര്‍.ബി നായര്‍, ലക്ഷ്മി നായര്‍ എന്നി പേരുകളില്‍ ഇവര്‍ കൊച്ചിയില്‍ പുതിയ സ്ഥാപനം തുടങ്ങിയത്. ഇവരുടെ തട്ടിപ്പു സംബന്ധിച്ച് കേരള മുഖ്യ മന്ത്രി, റേഞ്ച് ഐ.ജി എന്നിവര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
സരിതയെ ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നടത്തിയ നിരവധി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. സരിതയുടെ കസ്റ്റഡി കാലാവധി നാളെ തീരും.
മംഗളം 12.06.2013
No comments:
Post a Comment