പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പു രാജകുമാരി സരിത എസ് നായര്‍ക്ക് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സരിതയെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് ജി രാജേഷ് സരിതയെ അടുത്ത മാസം ഒന്നു വരെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് റിമാന്റ് ചെയ്തു.
ഇതിനിടെ സരിതയുമായി സംസാരിയ്ക്കാനുള്ള അവസരം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ജില്ലാ ജയില്‍ സൂപ്രണ്ടിനെ കണ്ട് അനുമതി വാങ്ങാനായിരുന്നു മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം. പക്ഷെ, അമ്പലപ്പുഴ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സരിതയെ പിന്നീട് അമ്പലപ്പുഴ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങി.
സരിതയെ കൊണ്ടു വന്നത് അറിഞ്ഞ് തിങ്ങിക്കൂടിയ ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടയിലൂടെ പോലീസ് ഏറെ ശ്രമപ്പെട്ടാണ് ഇവരെ കോടതിയില്‍ എത്തിച്ചതും തിരികെ കൊണ്ടുപോയതും. കോടതിയ്ക്ക് പിന്നിലൂടെ സരിതയെ കൊണ്ടുവരുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കിയ ശേഷം മുന്നിലൂടെ ഇവരെ കൊണ്ടുവരികയായിരുന്നു. അതുകൊണ്ടുതന്നെ സരിതയെ പുറത്തിറക്കുന്നത് പ്രതീക്ഷിച്ച് കോടതിയ്ക്ക് മുന്നിലും പിന്നിലുമായി മാധ്യമപ്പട കാത്തുനിന്നു.
എന്നാല്‍, കോടതിയോട് ചേര്‍ന്ന് നിര്‍ത്തിയ ജീപ്പിലേയ്ക്ക് പോലീസ് കനത്ത സുരക്ഷാവലയം തീര്‍ത്ത് സരിതയെ കയറ്റുകയായിരുന്നു.
No comments:
Post a Comment