Tuesday, June 11, 2013

പ്ലൈവുഡ് കമ്പനിയില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഓടയിലേക്ക്; കുളത്തുങ്ങമാലി നിവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണം

പെരുമ്പാവൂര്‍: നാടെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ  പ്ലൈവുഡ് കമ്പനിയില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഒഴുക്കുന്നത് തുറന്ന ഓടയിലേക്ക്. ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ക്ക് പൊറുതിമുട്ടി.
കുളത്തുങ്ങമാലി പട്ടികജാതി കോളനിയോടു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന ആക്‌സണ്‍ പ്ലൈവുഡ് കമ്പനിയിലെ ലേബര്‍ ക്യമ്പില്‍ നിന്നുള്ള സെപ്റ്റിക് മാലിന്യമാണ് പി.വി.സി പൈപ്പു വഴി മൂന്നടി മാത്രം താഴ്ചയുള്ള ഓടയിലേക്ക് തള്ളുന്നത്. ഓടക്ക് സമീപമുള്ള മുപ്പതോളം പട്ടികജാതി കുടുംബങ്ങളും മറ്റ് പരിസരവാസികളുമാണ് ദുര്‍ഗന്ധം മൂലം ബുദ്ധിമുട്ടുന്നത്. പ്ലൈവുഡ് കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ ഒട്ടേറെ കിണറുകള്‍ ഉപയോഗശൂന്യമായി മാറിയിരുന്നു. ഇതിനുപുറമെയാണ് സെപ്റ്റിക് മാലിന്യവും ജനജീവിതത്തിന് ദുരിതമായി മാറുന്നത്.
നാടാകെ പരിസര ശുചീകരണത്തില്‍ മുഴുകുമ്പോള്‍ കുളത്തുങ്ങമാലിയിലെ പ്ലൈവുഡ് കമ്പനി സൃഷ്ടിക്കുന്ന മലിനീകരണം ഒക്കല്‍ ഗ്രാമപഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി പറയുന്നു. ജനജീവിതത്തിന് വിഘാതമായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ നടപടി ഉണ്ടാവുന്നില്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കര്‍മ്മസമിതി ചെയര്‍മാന്‍ പറയുന്നു.
പ്ലൈവുഡ് കമ്പനിക്കെതിരെ പ്രദേശവാസികള്‍ നാളുകളായി സമരരംഗത്താണ്. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള വിസര്‍ജ്ജങ്ങള്‍
ഓടയിലേക്ക് ഒഴുക്കുന്നതെന്ന് കുളത്തുങ്ങമാലി പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികളായ വി.എസ് ഷൈബുവും ബിനു കുളത്തുങ്ങമാലിയും ചൂണ്ടിക്കാട്ടി

മംഗളം 11.06.2013

No comments: