നിരവത്തുകയ്യാണിയില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് അയ്യപ്പന്‍കുട്ടി വൈകുന്നേരങ്ങളില്‍ വളയന്‍ചിറങ്ങരയ്ക്ക് പോകാന്‍ തുടങ്ങിയത്.
സി.അയ്യപ്പണ്റ്റെ വളയന്‍ചിറങ്ങര എന്ന കഥ (ഭാഷാപോഷിണി,ഡിസംബര്‍-2006) തുടങ്ങുന്നത് ഇങ്ങനെയാണ്.
പുല്ലുവഴിയില്‍ നിന്ന് നാണപ്പന്‍(എം.പി നാരായണപിള്ള)വളയന്‍ചിറങ്ങരയ്ക്ക് വന്നതും ഇങ്ങനെയാവണം. കീഴില്ലത്തു നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍ പലപ്പോഴും ഇതെഴുതുന്നയാള്‍ സ്വപ്നം കണ്ടതും വളയന്‍ചിറയോടുചേര്‍ന്ന ഈ ഹരിതഭൂമി.
അയല്‍ഗ്രാമങ്ങളില്‍ നിന്നുമാത്രമല്ല, നാടിണ്റ്റെ നാനാഭാഗങ്ങളിലുള്ളവരെപ്പോലും പിടിച്ചുവലിക്കുന്ന ഒരു സാംസ്കാരിക ഊര്‍ജ്ജം വളയന്‍ചിറങ്ങരയ്ക്കുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഈ സര്‍ഗ്ഗചൈതന്യം ഒരു ഭൂപ്രദേശത്തിണ്റ്റെ സവിശേഷതയാണോ? അതോ,കര്‍മ്മോജ്ജ്വലമായി ഇവിടെ ജീവിച്ച കുറച്ചു മനുഷ്യരുടെ സംഭാവനയോ? അങ്ങനെ വിചാരിക്കാനാണ് എനിക്കിഷ്ടം.
അതുകൊണ്ടാണ്, അവരില്‍ ചിലരൊക്കെ മരിക്കുമ്പോള്‍ അന്യഗ്രാമവാസിയായ എനിക്കും ഇത്ര നഷ്ടബോധം. ഇലക്ട്രസിറ്റിബോര്‍ഡിലെ താഴ്ന്നജീവനക്കാരനായ എണ്റ്റെ അച്ഛണ്റ്റെ മേലധികാരിയായിരുന്നു അവരിലൊരാള്‍. അച്ഛണ്റ്റെ മേലാപ്പീസറോട് പുലര്‍ത്തേണ്ട ഒരകലം അതുകൊണ്ടുതന്നെ വിജയകുമാര്‍ സാറിനോട് ഞാനെന്നും പുലര്‍ത്തിപ്പോന്നു. പക്ഷെ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ദുര്‍മേധസുകളില്ലാത്ത ആ മനുഷ്യനാകട്ടെ, പലപ്പോഴും എന്നിലേക്ക് അനായാസം നടന്നുവന്നു. അതല്ലെങ്കില്‍,നിരത്തുകളില്‍ കാലഹരണപ്പെട്ടിട്ടും അദ്ദേഹം കയ്യൊഴിയാത്ത ആ പഴയ സ്കൂട്ടറില്‍...
എന്തായാലും വെയിലേറ്റു കരുവാളിച്ച വിജയകുമാര്‍ സാറിണ്റ്റെ മുഖമാണ് എണ്റ്റെ മനസ്സിലെപ്പോഴും. ഔദ്യോഗികജീവിതത്തില്‍ പുലര്‍ത്തിയ കാര്‍ക്കശ്യം അദ്ദേഹം പൊതുജീവിതത്തിലും കൈവിട്ടിരുന്നില്ല. കെ.വിജയകുമാര്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കുമോ?
അതൊരിക്കലും അദ്ദേഹത്തിണ്റ്റെ തന്നെ ലക്ഷ്യമായിരുന്നിരിക്കില്ല.മറിച്ച് സ്വന്തം ജീവിതം ശീതീകരിച്ച സ്വകാര്യമുറിയില്‍ ഉറഞ്ഞുപോകാതിരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്.മരണാനന്തരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ശരീരം വിട്ടുകൊടുക്കണമെന്ന തീരുമാനം അദ്ദേഹം എടുത്തിരുന്നുവെന്നറിയുമ്പോള്‍ ആ കരുതല്‍ എത്ര സൂഷ്മമായിരുന്നുവെന്ന് നാമറിയുന്നു.
വളയന്‍ചിറങ്ങര വായനശാല ജൂബിലി സുവനീര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്തെങ്കിലും എഴുതണമെന്ന് എന്നോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എഴുതാനായില്ല. ഏറ്റവും ഒടുവില്‍ വിജയകുമാര്‍ സാറിനെ കണ്ടത് പത്രമോഫീസില്‍ ഒരു വാര്‍ത്തയുമായി വന്നപ്പോഴാണ്. വി.എന്‍.കെ.പി വായനശാലയില്‍ ഒരു സെമിനാര്‍. കേരളത്തിണ്റ്റെ സാമൂഹ്യമാറ്റത്തെ മുന്‍നിര്‍ത്തി. വാര്‍ത്ത കൊടുത്താല്‍ മാത്രം പോര, സുരേഷ് നിര്‍ബന്ധമായും സെമിനാറില്‍ പങ്കെടുക്കുകയും വേണം. അന്ന് അദ്ദേഹം പറഞ്ഞു.
ആ ക്ഷണവും ഉപയോഗപ്പെടുത്താനായില്ല. ഏറെ നാളുകള്‍ പിന്നിടും മുമ്പ് പിന്നെക്കേട്ടത് വിജയകുമാര്‍ സാറിണ്റ്റെ മരണവാര്‍ത്തയാണ്.
സത്യമായും ഞാന്‍ ഞെട്ടി.
കാരണം അത് അത്രമേല്‍ അപ്രതീക്ഷിതമായിരുന്നു.
ചിറയുടെ വളവും ഉള്ളിലൊളിപ്പിച്ച ഗുഹയും വളയന്‍ചിങ്ങരക്കാരുടെ ആത്മാവിനെ അടയാളപ്പെടുത്തുന്നുണ്ടെന്ന് എന്ന് വളയന്‍ചിറങ്ങരയുടെ ഒടുവില്‍ അയ്യപ്പന്‍ എഴുതുന്നുണ്ട്.
അത്തരക്കാര്‍ എല്ലാനാട്ടിലുമുണ്ട്. എന്നാല്‍ വ്യക്തിത്വത്തിണ്റ്റെ സംശുദ്ധതകൊണ്ട് അന്യനാട്ടുകാരെ ക്കൂടി വശീകരിക്കുന്ന ചൈതന്യം ഉള്ളില്‍ സൂക്ഷിക്കുന്ന ആളുകള്‍ വളയന്‍ചിറങ്ങരയില്‍ കൂടുതലാണ്.
വി.എന്‍ കേശവപിള്ള,പി.ബാലന്‍,പി.കെ ഗോപാലന്‍ നായര്‍ ഇപ്പോള്‍ കെ.വിജയകുമാര്‍... കരുത്തുറ്റ തൂണുകളാണ് മറിഞ്ഞുവീണവയിലേറെയും.
പക്ഷെ,വളയന്‍ചിറങ്ങര തളരുന്നില്ല. കാരണം മരിച്ച ഇവരാരും വളയന്‍ചിറങ്ങരയെ വിട്ടുപോകാന്‍ മനസ്സുള്ളവരല്ല. ഇവരോരുത്തരും പുതുതലമുറകളില്‍ ആവേശിച്ചിരിക്കുന്നു.
അതെ,അതുകൊണ്ടുതന്നെയാണ് വളയന്‍ചിറങ്ങരയുടെ ഗ്രാഫില്‍ വളര്‍ച്ചയുടെ മാത്രം അടയാളങ്ങള്‍ കാണുന്നത്.
അതങ്ങനെ തന്നെയാണ്.എനിക്കുറപ്പിച്ചു പറയാനാവും. വളയന്‍ചിറങ്ങരയില്‍ ആരും മരിക്കുന്നില്ല.
ആഗ്നേയം മാസിക (വിജയകുമാര്‍ പതിപ്പില്‍ ) 2007-ല്‍ പ്രസിദ്ധീകരിച്ചത്