പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, October 14, 2007

കൊടുവേലിത്തുറയിലെ അനധികൃത കയ്യേറ്റം; ഒക്കല്‍ പഞ്ചായത്ത്‌ അധികാരികള്‍ക്ക്‌ അനാസ്ഥ

പെരുമ്പാവൂറ്‍: എട്ടോളം വാര്‍ഡുകളിലെ ജലസേചനത്തിന്‌ ഉപയോഗിച്ചുപോരുന്ന ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ കൊടുവേലിത്തുറയിലെ അനധികൃതകയ്യേറ്റം പഞ്ചായത്ത്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിയ്ക്കുന്നതായി അക്ഷേപം.
കൊടുവേലിത്തുറയുടെ യഥാര്‍ത്ഥ വിസ്തൃതി കണ്ടെത്തി, പാര്‍ശഭിത്തികെട്ടി സംരക്ഷിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംരക്ഷണസമിതി രംഗത്തുവന്നിട്ടുണ്ട്‌. പഞ്ചായത്ത്‌ ഭൂപരിധിയില്‍ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന തുറയ്ക്ക്‌ പതിനാറോളം ഏക്കര്‍ വിസ്തൃതിയാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ചുറ്റുപാടുള്ള നിലഉടമകളില്‍ പലരും ചിറ കയ്യേറുകയായിരുന്നു.
പ്രാചീനപെരിയാര്‍ ഒഴുകിയിരുന്ന ഈ തുറയും താഴോട്ടുള്ള തോടും ഇപ്പോള്‍ ചെളി നിറഞ്ഞ അവസ്ഥയിലാണ്‌. വര്‍ഷക്കാലത്ത്‌ പാടങ്ങളില്‍ വെള്ളക്കെട്ടാവും. ഏതു കടുത്ത വേനലിലും വറ്റാറില്ലാത്ത തുറയില്‍ നിന്ന്‌ ഇന്ന്‌ പുഞ്ചകൃഷിയ്ക്കും മറ്റും വെള്ളം കിട്ടാത്ത അവസ്ഥയാണ്‌. ഇതിലെ ജലം മൂന്ന്‌ പൊതു ജലസേചന പദ്ധതികള്‍ക്ക്‌ ഉപയോഗിയ്ക്കുന്നു. ഒക്കല്‍ പഞ്ചായത്തു രൂപീകരിച്ച ഘട്ടങ്ങളിലും ഈ പ്രദേശം കൂവപ്പടി പഞ്ചായത്തിനു കീഴിലായിരുന്നപ്പോഴും കൊടുവേലിത്തുറ വലിയതുകയ്ക്ക്‌ വാര്‍ഷികമത്സ്യകൊയ്ത്തിന്‌ നല്‍കിയിരുന്നു. പായലും പാഴ്ച്ചെടികളും നിറഞ്ഞ്‌ ഇപ്പോള്‍ ഒഴുക്കില്ലാതായ, ഒക്കല്‍ പഞ്ചായത്തിണ്റ്റെ ജീവനാഡിയെന്നു പറയാവുന്ന ഈ ജലശേഖരം ഭൂമികയ്യേറ്റക്കാരാല്‍ നാശോന്‍മുഖമായിട്ടും അധികൃതര്‍ ഒന്നുമറിയാത്ത മട്ടു നടിയ്ക്കുകയാണ്‌.
തുറയുടെ പഴയ വിസ്തൃതി കണ്ടെത്തി, ചെളി നീക്കി, പാര്‍ശ്വ ഭിത്തികെട്ടി സംരക്ഷിയ്ക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. തുറ കയ്യേറ്റക്കാരെ ഒഴിപ്പിയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍സമരമുറകളുമായി രംഗത്ത്‌ വരുമെന്ന്‌ തുറ സംരക്ഷണ സമിതി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇതിനു പുറമെ ജില്ലാകളക്ടര്‍, ജില്ലാപഞ്ചായത്ത്‌ സെക്രട്ടറി, തഹസില്‍ദാര്‍, ഒക്കല്‍ പഞ്ചായത്ത്‌ സെക്രട്ടറി, കൂവപ്പടി വില്ലേജ്‌ ഓഫിസര്‍ എന്നിവര്‍ക്ക്‌ പരാതി കൊടുത്തിട്ടുമുണ്ട്‌. (പതിനൊന്ന്‌ സെപ്തംബര് 2007‍)

No comments: