Monday, October 15, 2007

സ്വകാര്യ ബസുകളുടെ അമിത വേഗത; എ. എം റോഡിലും സ്പീഡ്‌ ബാരിയര്‍



പെരുമ്പാവൂറ്‍: സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം അപകടങ്ങള്‍ പതിവായ എ.എം റോഡില്‍ സ്പീഡ്‌ ബാരിയര്‍ സ്ഥാപിച്ചു.

അപകടങ്ങള്‍ കുറയ്ക്കാന്‍ എം.സി റോഡില്‍ പലയിടങ്ങളിലും സ്പീഡ്‌ ബാരിയറുകള്‍ സ്ഥാപിച്ചത്‌ ഫലം കണ്ടതിനെ തുടര്‍ന്നാണ്‌ ഇത്‌. രണ്ടാഴ്ച മുമ്പ്‌ സ്വകാര്യ ബസ്‌ ഇടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലാണ്‌ കഴിഞ്ഞ ദിവസം സ്പീഡ്‌ ബാരിയര്‍ സ്ഥാപിച്ചത്‌. ഇവിടെ അമിത വേഗതയില്‍ പാഞ്ഞു വന്ന ബസ്‌ വഴിയരികിലൂടെ പോവുകയായിരുന്ന ധന്യ എന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ചു വീഴ്തുകയായിരുന്നു. പെരുമ്പാവൂറ്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ പുല്ലന്‍ വീട്ടില്‍ പോളിണ്റ്റെ മകളായ ഈ പത്തു വയസുകാരിയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഇതേ തുടര്‍ന്ന്‌ ഗ്രാമ പഞ്ചായത്ത്‌ അംഗം കെ.കെ മാത്തുക്കുഞ്ഞ്‌,സജി പടയാട്ടില്‍, സോജന്‍ വര്‍ക്കി, പി.കെ രാജേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഡിവൈ.എസ്‌.പി കെ.ജെ സ്കറിയ, കുറുപ്പംപടി സി.ഐ എന്‍ രാജന്‍, എസ്‌.ഐ അഗസ്റ്റ്യന്‍ ജോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സ്പീഡ്‌ ബാരിയറുകള്‍ സ്ഥാപിക്കുകയായിരുന്നു. (2007 ഒക്ടൊബര്‍ ഒമ്പത്‌)

No comments: