പെരുമ്പാവൂര്‍: വെങ്ങോലയില്‍ ഉണ്ടായ പാറമട ദുരന്തത്തെ തുടര്‍ന്ന് കരിങ്കല്‍ ക്വാറികള്‍ക്ക് സംസ്ഥാന വ്യവസായ വകുപ്പ് അനിശ്ചിതകാല നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണ മേഖല സ്തംഭിച്ചെന്ന്.
നിരോധന ഉത്തരവ് അനവസരത്തിലാണ് എന്ന ആക്ഷേപവുമായി കേരള ക്വാറി ആന്റ് ക്രഷര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വെങ്ങോല- മഴുവന്നൂര്‍ മേഖല കമ്മിറ്റിയാണ് രംഗത്ത് എത്തിയിട്ടുള്ളത്. ജൂണ്‍ മാസാവസാനം ശക്തിപ്പെട്ട കാലവര്‍ഷക്കെടുതി മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ പാറമടകളുടെ പ്രവര്‍ത്തനം നിരോധിച്ചത്. ജൂലൈ 23 ന് വെങ്ങോലയില്‍ ദുരന്തമുണ്ടായതോടെ നിരോധന കാലയളവ് നീട്ടുകയായിരുന്നു.
അതോടെ നിയമ വിധേയമായി പ്രവര്‍ത്തിക്കുന്നതടക്കമുള്ള ജില്ലയിലെ മുഴുവന്‍ ക്വാറികളുടേയും പ്രവര്‍ത്തനം നിയന്ത്രിച്ചു. ഇതേ തുടര്‍ന്ന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ക്രഷര്‍, സിമന്റ് ബ്രിക്‌സ്, പൊതുമരാമത്ത് നിര്‍മ്മാണ ജോലികള്‍, ഫ്‌ളാറ്റ്-കെട്ടിട നിര്‍മ്മാണ മേഖലകളിലെ വ്യവസായങ്ങള്‍ തുടങ്ങിയവയൊക്കെ പ്രതിസന്ധിയിലായി. ജില്ലയിലെ ഇരുപതിനായിരത്തോളം ടിപ്പര്‍ ലോറികളും നിശ്ചലമായി. ഇതിനുപുറമെ ഈ മേഖലകളിലൊക്കെ ഉള്‍പ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും ദുരിത പൂര്‍ണമായി.
പാറമട നിരോധനം അടിയന്തിരമായി പിന്‍വലിക്കണമെന്നും നിരോധനത്തിന്റെ മറവില്‍ റവന്യു പോലീസ് അധികാരികളില്‍ ചിലര്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുന്‍ എം.എല്‍.എ എ.എം യൂസഫ്, സെക്രട്ടറി ഇ.എ സുകുമാരന്‍, കെ.ഒ ജോണ്‍സണ്‍, ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് ജില്ലാ സെക്രട്ടറി സി.വി ഐസക് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം.കെ നടരാജന്‍ (പ്രസിഡന്റ്), കെ.യു പൗലോസ് (വൈസ് പ്രസിഡന്റ്), ടി.വി എല്‍ദോസ് (സെക്രട്ടറി), അജി പോള്‍ (ജോ. സെക്രട്ടറി), വി.എന്‍ ഭാസ്‌കരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മംഗളം 31.07.2013