Sunday, July 28, 2013

ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക വൈസ് പ്രസിഡന്റിന് അസഭ്യവര്‍ഷം

പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത്  വൈസ് പ്രസിഡന്റ് മിനി ഷാജുവിന് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞെന്ന് പരാതി. മുഖത്തേയ്ക്ക് കാല്‍ക്കുലേറ്റര്‍ വലിച്ചെറിയുകയും ചെയ്തു. പാര്‍ട്ടിയ്ക്ക് അകത്തെ ആഭ്യന്തര ചേരിപ്പോരാണ് കാരണം. റൂറല്‍ എസ്.പിയ്ക്ക് മിനി പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മിനി ഷാജുവിനെ പ്രസിഡന്റ് തന്റെ റൂമിലേയ്ക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു ഇത്. സാരിയുരിഞ്ഞ് വരാന്തയിലിട്ട്  അടിയ്ക്കുമെന്നും ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ ജേഷ്ഠനേയും അപായപ്പെടുത്തുമെന്നും പ്രസിഡന്റ് ഭീഷണി മുഴക്കിയതായി വൈസ് പ്രസിഡന്റ് പരാതിയില്‍ പറയുന്നു. ഇതിനു മുമ്പ് ഫോണിലൂടെ തന്നെ അസഭ്യം വിളിച്ചുവെന്നും ഇവര്‍ പറയുന്നു.
പഞ്ചായത്തിലെ ഭരണപക്ഷത്തിനകത്തെ ഭിന്നതയാണ് കയ്യാങ്കളിയിലേയക്ക് എത്തിയിരിയ്ക്കുന്നത്. പതിനാറംഗ ഭരണസമിതിയില്‍ ഇവിടെ യു.ഡി.എഫിന് പതിമൂന്ന് അംഗങ്ങളുണ്ട്. എന്നാല്‍ ഇതില്‍ ഏഴുപേരും പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിന് എതിരാണ്. നേതൃമാറ്റത്തിന് വേണ്ടി ഇവിടെ ആവശ്യമുയര്‍ന്നുവെങ്കിലും അന്‍വറിന് പാര്‍ട്ടി മേല്‍ഘടകങ്ങളിലുള്ള സ്വാധീനം മൂലം അത് പരിഗണിയ്ക്കപ്പെട്ടിരുന്നില്ല.
ഇതിനു പുറമെ, ഇവിടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുകൂട്ടാറുമില്ല. യോഗം വിളിയ്ക്കണമെന്ന് ആവശ്യപ്പെട്ട്  പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ മിനി ഷാജു കത്തു നല്‍കിയപ്പോള്‍ അന്‍വര്‍ അത് വലിച്ചുകീറി മുഖത്തെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് മിനി ഷാജു മുന്‍ക്‌യ്യെടുത്ത് കഴിഞ്ഞമാസം യോഗം വിളിച്ചുകൂട്ടി. പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തു നിന്ന അന്‍വറിനെ മാറ്റുകയും ചെയ്തു.
ഇതു കൂടാതെ, പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഭരണസമിതി യോഗത്തില്‍ വോട്ടിനിട്ട് പരാജയപ്പെടുത്തുന്നതും പതിവായിരുന്നു. പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകള്‍ വച്ചുപൊറിപ്പിയ്ക്കില്ലെന്ന നിലപാടാണ് മിനി ഷാജു അടക്കമുള്ള മറ്റു മെമ്പര്‍മാര്‍ കൈക്കൊള്ളുന്നത്.
ഇതില്‍, പ്രകോപിതനായാണ് വൈസ്പ്രസിഡന്റിനെതിരെ അന്‍വര്‍ മുണ്ടേത്ത് പ്രതികരിച്ചതെന്നു കരുതുന്നു. 
സ്തീയായ തനിയ്‌ക്കെതിരെയുണ്ടായ അസഭ്യവര്‍ഷത്തിനും മാനസിക പീഡനത്തിനുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് മിനി ഷാജുവിന്റെ തീരുമാനം.

മംഗളം 28.7.2013

No comments: