Thursday, July 4, 2013

വെള്ളമിറക്കാതെ നാലുദിനം; എന്നിട്ടും അമ്മ പാല്‍ചുരത്തി പൊന്നോമനകള്‍ക്കായി

പെരുമ്പാവൂര്‍: പ്ലാസ്റ്റിക് ഭരണി മുഖത്ത് കുടുങ്ങി നാലുദിവസം. വെള്ളം പോലും കുടിയ്ക്കാന്‍ കഴിയാതെ ജീവന്‍മരണ പോരാട്ടം നടത്തുമ്പോഴും ആ തെരുവ് നായ സ്വന്തം കുഞ്ഞുങ്ങളെ മറന്നില്ല. നാലുകുഞ്ഞുങ്ങള്‍ക്കും  മുടങ്ങാതെ പാല്‍ നല്‍കിപ്പോന്ന അമ്മയ്ക്ക് ഒടുവില്‍ ദയയുടെ തുണ.
പെരുമ്പാവൂര്‍ സോഫിയാ ലെയിനിലാണ് കരളലിയിപ്പിയ്ക്കുന്ന സംഭവം. അമ്പലമുകള്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അടഞ്ഞുകിടക്കുന്ന വീട്ടില്‍ അടുത്തിടെ പ്രസവിച്ച  തെരുവ് നായയുടെ മുഖത്താണ് കുടിവെള്ളം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഭരണി കുടുങ്ങിയത്. വെള്ളം പോലും കുടിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലും  നാലു കുഞ്ഞുങ്ങള്‍ക്കും  ഈ നായ പാലുകൊടുക്കുന്നത് പരിസരവാസികള്‍ക്ക് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. നായയെ ഭയന്ന് ഭരണി എടുത്ത് മാറ്റാന്‍ നാട്ടുകാര്‍ക്ക് ഭയവും. 
ഒടുവില്‍ നാട്ടുകാരനായ അബ്ദുള്‍ അസീസ് മൃഗാശുപത്രിയില്‍ നിന്ന് ലഭിച്ച നമ്പറില്‍ മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മൃഗക്ഷേമ സംഘടനയായ ദയയുമായി ബന്ധപ്പെടുകയായിരുന്നു. സംഘടനാ ഭാരവാഹിയായ രമേഷ് കുമാര്‍ ഉടനെതന്നെ സ്ഥലത്തെത്തി. പ്രത്യേക ഉപകരണങ്ങള്‍ കൊണ്ട് നായയെ കുടുക്കിലാക്കിയ ശേഷം മുഖത്തെ ഭരണി മുറിച്ചുമാറ്റുകയായിരുന്നു. നായയ്ക്ക് വയറുനിറച്ച് ഭക്ഷണവും കൊടുത്തിട്ടായിരുന്നു രമേഷ് കുമാറിന്റെ മടക്കം. 

മംഗളം 4.07.2013




No comments: