Saturday, July 27, 2013

പെരുമ്പാവൂരില്‍ നടുറോഡിലും സ്‌കൂള്‍ വളപ്പുകളിലും കന്നുകാലികള്‍ അലഞ്ഞുതിരിയുന്നു

പെരുമ്പാവൂര്‍: നഗരസഭയിലെ നടുറോഡിലും സ്‌കൂള്‍ വളപ്പുകളിലും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഭീഷണിയാവുന്നു.
ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വളപ്പാണ് കന്നുകാലികളുടെ പ്രധാന താവളം. ഇവിടെ സ്‌കൂള്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കന്നുകാലികള്‍ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. ഇതിനു പുറമെ വാഹന ഗതാഗതം തടസപ്പെടുത്തി റോഡിന്റെ നടുവിലൂടെയാണ് കന്നുകാലികളുടെ സൈ്വര്യവിഹാരം. ഇതുമൂലം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിയ്ക്കുന്നവര്‍ പലപ്പോഴും അപകടത്തില്‍ പെടുന്നത് പതിവാണെന്ന് റോയല്‍ ബുള്ളറ്റ് ക്ലബ് ഭാരവാഹിയായ ബിജു കാക്കൂരാന്‍ പറയുന്നു.
ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന കന്നുകാലികളെ കഴിഞ്ഞ ദിവസം നഗരസഭ അധികൃതര്‍ പിടിച്ചുകെട്ടിയിരുന്നു. 
പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കിയ ഏഴ് കന്നുകാലികളെയാണ് അധികൃതര്‍ പിടികൂടി പൗണ്ടിലടച്ചത്. അന്വേഷിച്ചെത്തിയ ഉടമസ്ഥരോട് കന്നുകാലികളെ മേലില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് എഴുതി വാങ്ങിയ ശേഷമാണ് വിട്ടുകൊടുത്തത്. ഓരോരുത്തരില്‍ നിന്നും നിയമാനുസൃതമുള്ള പിഴ ഈടാക്കുകയും ചെയ്തു. 
പിഴ അടച്ചു വിട്ടുകൊടുത്ത ഉരുക്കളെ വീണ്ടും അലഞ്ഞുതിരിയാന്‍ വിട്ടാല്‍ ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് സെക്രട്ടറി അറിയിച്ചിരുന്നു. ഉരുക്കളെ ലേലം ചെയ്ത് വില്‍ക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കി.
എങ്കിലും റോഡില്‍ നിന്ന് കന്നുകാലികള്‍ ഒഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മംഗളം 27.07.2013

No comments: