പെരുമ്പാവൂര്‍: കിണറ്റില്‍ വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് കോടനാട് ആനക്കളരിയില്‍ ചികിത്സയിലായിരുന്ന ആനക്കുട്ടി ചെരിഞ്ഞു.
മഹാദേവന് എന്ന പേരിലുള്ള ഒരു വയസ്സുകാരന് ആനക്കുട്ടിയാണ് ഒടുവില്‍ വിധിയ്ക്ക് കീഴടങ്ങിയത്. ഇന്നലെ രാവിലെ പത്തിനായിരുന്നു അന്ത്യം. ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ഇതിനെ സംസ്കരിയ്ക്കും.
കഴിഞ്ഞ ഏപ്രില്‍ എട്ടിന് കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചില്‍പെട്ട ഉരുളന്‍തണ്ണിയില്‍ നിന്നാണ് ഈ ആനക്കുട്ടിയെ കൊണ്ടുവന്നത്. കൂട്ടംതെറ്റി കിണറ്റില്‍ വീണ ഇതിന്റെ നടുവിന് സാരമായി പരുക്കേല്‍ക്കുകയും കാല് ഒടിയുകയും ചെയ്തിരുന്നു. അവശനിലയില്‍ എത്തിയ ആനക്കുട്ടിയ്ക്ക് കോടനാട് ഡി.എഫ്.ഒ നാഗരാജനാണ് മഹാദേവന് എന്ന പേരിട്ടത്.
അന്നുതൊട്ട് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ശശീന്ദ്രദേവിന്റെ ചികിത്സയിലായിരുന്നു മഹാദേവന്. കുറച്ചുദിവസങ്ങളായി ഇത് മരുന്നുകളോട് പ്രതികരിയ്ക്കാതെയായിരുന്നു.
മരിച്ച മഹാദേവന് പുറമെ കോടനാട് ആനക്കളരിയില്‍ ഇപ്പോള്‍ ഏഴ് ആനകളാണ് ഉള്ളത്. നിയമാനുസൃതമായ പേപ്പറുകള്‍ ഇല്ലാത്തതിനാല്‍ റിമാന്റില്‍ കൊണ്ടുവന്ന ഹരിപ്രസാദും ആനക്കളരിയുടെ പലകയ്ക്ക് ഇടയില്‍ കുരുങ്ങി കാല് ഒടിഞ്ഞ ഗംഗ എന്ന ആന കുട്ടിയും ഇതില്‍പെടും. ഗംഗയുടെ കാല് ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ടിരിയ്ക്കുകയാണ് ഇപ്പോള്‍. സുനിത, നീലകണ്ഠന്, ആശ, പാര്‍വ്വതി, അഞ്ജന എന്നിവയാണ് മറ്റ് ആനകള്‍.
അതിനിടെ ആനക്കുട്ടിയുടെ മരണം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചത് വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി. മാധ്യമ പ്രവര്‍ത്തകരെ പോലും അകറ്റി നിര്‍ത്താന്‍ ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. സാജുപോള്‍ എം.എല്‍.എ ഇടപെട്ട ശേഷമാണ് ആനക്കുട്ടിയുടെ ജഡം കാണാനും ചിത്രമെടുക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചത്.
മംഗളം 14.07.2013
No comments:
Post a Comment