പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, July 11, 2013

വെങ്ങോല ഗ്രാമപഞ്ചായത്ത്: ഭരണസമിതി യോഗത്തിന് നോട്ടീസ് നല്‍കിയത് എട്ടിന്; ചേര്‍ന്നത് ഒമ്പതിന്

പെരുമ്പാവൂര്‍:  കാരുണ്യ ഹൃദയതാളം പദ്ധതിയുടെ പേരില്‍ നിര്‍ദ്ധനരെ മറയാക്കി നടന്ന വന്‍വെട്ടിപ്പിന്റെ പേരില്‍ താളംതെറ്റിയ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ ഈ മാസത്തെ ഭരണസമിതി യോഗത്തിന് നോട്ടീസ് നല്‍കിയത് എട്ടാം തീയതി തിങ്കളാഴ്ച. എന്നാല്‍ യോഗം ചേര്‍ന്നത് ഒമ്പതാം തീയതി ചൊവ്വാഴ്ചയും. തീയതിമാറ്റത്തിനെതിരെ പരാതി നല്‍കാനുള്ള നീക്കത്തിലാണ് വിമതപക്ഷത്തെ ചില മെമ്പര്‍മാര്‍ എന്നറിയുന്നു.
കാരുണ്യ ഹൃദയതാളം പദ്ധതി അപാകതകളുടെ പേരില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ തുടര്‍ച്ചയായി രണ്ടു ഭരണസമിതി യോഗങ്ങള്‍ മുടങ്ങിയിരുന്നു. ഭരണപക്ഷത്തുള്ള അംഗങ്ങള്‍കൂടി പദ്ധതി നടത്തിപ്പിലെ അപാകതകള്‍ക്കെതിരെ രംഗത്ത് വന്നതോടെ പഞ്ചായത്തില്‍ പൂര്‍ണ്ണ ഭരണസ്തംഭനമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങളേയും പ്രസിഡന്റ് എം.എം അവറാനും പദ്ധതി കണ്‍വീനര്‍ സി.എം അഷറഫും നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്.
പഞ്ചായത്ത് ഭരണസമിതി യോഗം ഇനിയും മുടങ്ങിയാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെയാണ് പ്രസിഡന്റ് സി.പി.എം നേതാക്കളുമായി രഹസ്യയോഗം ചേര്‍ന്ന് ധാരണയിലെത്തിയത്. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എട്ടാം തീയതി വൈകുന്നേരത്തോടെയാണ് പ്രസിഡന്റിന് പ്രതിപക്ഷത്തെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനായത്. അതുകൊണ്ടു തന്നെ എട്ടാം തീയതി നടക്കേണ്ട യോഗം ഒമ്പതിലേയ്ക്ക് മാറ്റി.
എന്നാല്‍, പുതുതായി ചാര്‍ജ് എടുത്ത സെക്രട്ടറി ഭരണസമിതി യോഗത്തിന്റെ തീയതി മാറ്റുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഒടുവില്‍ പ്രസിഡന്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരണ-പ്രതിപക്ഷങ്ങളിലെ മുഴുവന്‍ അംഗങ്ങളും സമ്മതിച്ചാല്‍ യോഗം മാറ്റാമെന്ന് അറിയിച്ചു. അതുണ്ടാവുമെന്ന് പ്രസിഡന്റ് സെക്രട്ടറിയ്ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു.
എന്നാല്‍, യോഗത്തിനെത്തിയ ചില മെമ്പര്‍മാര്‍ ഇതിനു വഴങ്ങാന്‍ തയ്യാറായില്ല. അവര്‍ ഭരണസമിതി യോഗത്തില്‍ എട്ടാം തീയതി വച്ചാണ് ഒപ്പിട്ടിരിയ്ക്കുന്നത്. പ്രതിപക്ഷ അംഗമായ സി.പി.എമ്മിന്റെ കെ.വി വാസുദേവനാകട്ടെ, യോഗത്തില്‍ പങ്കെടുത്തുമില്ല.
പ്രസിഡന്റിന്റെ ഏകാധിപത്യ സമീപനത്തോടും കാരുണ്യ പദ്ധതിയുടെ വികലമായ നടത്തിപ്പിനോടും അഭിപ്രായ വിത്യാസമുള്ളവരാണ് തീയതി മാറി ചേര്‍ന്ന ഭരണസമിതി യോഗത്തിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 
എന്നാല്‍, ഇതു സംബന്ധിച്ച് പരാതി നല്‍കിയാല്‍  ബാധിയ്ക്കുന്നത് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ആയരിയ്ക്കും. മുമ്പ്, പഞ്ചായത്തിന്റെ മറവില്‍ കാരുണ്യ ഹൃദയ താളം പദ്ധതിയുടെ മറവില്‍ തുടര്‍ച്ചയായ ക്രമക്കേടുകള്‍ നടന്നപ്പോള്‍, തനിയ്‌ക്കോ പഞ്ചായത്തിനോ ഈ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്നത്തെ സെക്രട്ടറിക്ക് തുറന്നു പറയേണ്ടി വന്നു. അങ്ങനെയാണ് ഭരണപക്ഷത്തെ ചുരുക്കം ചിലര്‍ ചേര്‍ന്ന് പഞ്ചായത്തിന്റെ മറവില്‍ നടത്തിയ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. 

മംഗളം 11.07.2013
No comments: