കരാറുകാരനുമായി ഭരണസമിതിയുടെ ഒത്തുകളി
പെരുമ്പാവൂര്‍: കരാറുകാരനുമായി ഭരണസമിതിയുടെ അവിഹിത കൂട്ടുകെട്ടു മൂലം വെങ്ങോല ഗ്രാമപഞ്ചായത്തില്‍ തെരുവു വിളക്കുകള്‍ കത്താതായിട്ട് ഒന്നരയാണ്ട്. കരാറുകാരന്റെ അനാസ്ഥയും ഭരണസമിതിയുടെ കെടുകാര്യസ്ഥതയും മൂലം വെങ്ങോല നിവാസികള്‍ക്ക് ഇരുട്ടില്‍ തപ്പേണ്ട ഗതികേടാണ്.
തെരുവ് വിളക്കുകള്‍ കത്തിയ്ക്കേണ്ട ചുമതല സര്‍ക്കാര്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ഗ്രാമപഞ്ചായത്തുകളെ ഏല്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരുവു വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രകാശിപ്പിക്കുന്നതിന് കഴിഞ്ഞ ഡിസംബറില്‍ ടെന്റര്‍ ക്ഷണിക്കുകയും അതുവഴി കരാറുകാരനെ ചുമതലപ്പെടുത്തുകയുമായിരുന്നു. 2013 ജനുവരി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം റിപ്പയറുകള്‍ നടത്തി യാതൊരു മുടക്കവും കൂടാതെ രാത്രി കാലങ്ങളില്‍ തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുക എന്നതാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍ കരാര്‍ ഒപ്പിട്ട് ആറു മാസത്തോളമായിട്ടും മെയിന്റനന്‍സ് വേലകള്‍ നടത്തി തെരുവുവിളക്കുകള്‍ നന്നാക്കാന്‍ കരാറുകാരന് തയ്യാറായിട്ടില്ല. തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് നാട്ടുകാര്‍ നിരന്തരം പഞ്ചായത്ത് ഭരണസമിതിയോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. അതേസമയം കരാറുകാരന് ഇതിനോടകം അഞ്ചുലക്ഷം രൂപയോളം പഞ്ചായത്തില്‍ നിന്ന് കൈപ്പറ്റിയതായും ആക്ഷേപമുണ്ട്.
ജോലി ചെയ്യുന്നതു പരിശോധിക്കാന്‍ പഞ്ചായത്തു മോണിറ്ററിംഗ് സമിതിയെ നിയോഗിക്കാത്തതുമൂലം യാതൊന്നും ചെയ്തില്ലെങ്കിലും കരാറുകാരന് കാലാവധി കഴിഞ്ഞാല്‍ പഞ്ചായത്ത് പണം നല്‍കേണ്ടിവരും. ഭരണസമിതിയും കരാറുകാരനുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
മാത്രമല്ല ജനകീയാസൂത്രണ പദ്ധതിയുടെ ആരംഭം മുതല്‍ പഞ്ചായത്തില്‍ ഡബിള്‍ ട്യൂബ് സെറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഇതുവരെ മെയിന്റനന്‍സ് നടത്തി വന്നിരുന്നതും ഡബിള്‍ ട്യൂബ് സെറ്റുകളായിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ പുതിയ കരാര്‍ പ്രകാരം ഡബിള്‍ ട്യൂബ് സെറ്റുകളില്‍ ഒരു ട്യൂബ് മാത്രമാണ് മെയിന്റനന്‍സ് നല്കാന് ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പദ്ധതി വര്‍ഷം സ്ഥാപിച്ച സി.എഫ്.എല്‍ ബള്‍ബുകളില്‍ പലതും ഗുണമേന്മ ഇല്ലാത്തതിനാല്‍ കത്തുന്നുമില്ല.
കരാര്‍ നല്കി ആറുമാസത്തോളമായിട്ടും കരാറുകാരനെക്കൊണ്ട് ജോലി ചെയ്യിക്കാതെ പഞ്ചായത്ത് പണം ചിലവഴിക്കുന്നതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ മെമ്പര്‍മാരായ കെ.എം. അന്‍വര്‍ അലി, കെ.വി. വാസുദേവന്‍, കെ.വി. ഗോപാലകൃഷ്ണന്, സുജ വിജയന്, അജിത ഷാജി, അന്നമ്മ ജോര്‍ജ്, ഷൈലജ ഷാജി എന്നിവര്‍ ആവശ്യപ്പെട്ടു.
മംഗളം 5.07.2013
No comments:
Post a Comment