പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, July 26, 2013

കോട്ടൂര്‍ പ്രജനന കേന്ദ്രത്തിലേയ്ക്ക് കോടനാട്ടെ ആനകളെ മാറ്റാന്‍ നീക്കം

കോടനാട് റേഞ്ച് ഓഫീസില്‍ കുത്തിയിരുപ്പ് സമരം


പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയിലെ ആനകളെ കോട്ടൂര്‍ പ്രജനന കേന്ദ്രത്തിലേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം. ഇതിനു പുറമെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചിട്ടുമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിലാണ് കോടനാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരുപ്പ് സമരം നടന്നത്. പതിനേഴു വയസ്സുള്ള നീലകണ്ഠന്‍, ഒമ്പതുവയസുകാരി ആശ എന്നി ആനകളെയാണ് കോട്ടൂരിലേയ്ക്ക് മാറ്റുന്നത്. 125 വര്‍ഷം പഴക്കമുള്ള കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നതാണ് വനം വകുപ്പിന്റെ ന്യായീകരണം.
അഞ്ചു കിലോമീറ്റര്‍ ദൂരം പെരിയാര്‍ തീരവും 250 ഏക്കര്‍ സര്‍ക്കാര്‍ വനവും ഉള്ള കോടനാട് അഭയാരണ്യം പദ്ധതി അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ആനകളെ കോട്ടൂര്‍ക്ക് മാറ്റുന്നതെന്ന് ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം എം.പി പ്രകാശ് മുഖ്യമന്ത്രിയ്ക്ക് അയച്ച പരാതിയില്‍ പറയുന്നു. ആനകളുടെ പ്രജനനത്തിന് കേരളത്തില്‍ കോട്ടൂരു മാത്രമേ സൗകര്യമുള്ളുവെന്ന വനം വകുപ്പിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നും പ്രകാശ് ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമെ കോടനാട് നിരവധി ആനക്കുട്ടികള്‍ക്കും മാനുകള്‍ ഉള്‍പ്പടെയുള്ള മറ്റു മൃഗങ്ങള്‍ക്കും ജീവഹാനിയുണ്ടായിട്ടും ഇവിടേയ്ക്ക് സ്ഥിരം ഡോക്ടറെ നിയമിയ്ക്കാനും വനം വകുപ്പ് തയ്യാറായിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുറന്ന മൃഗശാലയായി പരിഗണിയ്ക്കപ്പെടാന്‍ ഇടയുള്ള അഭയാരണ്യത്തിന്റെ സാദ്ധ്യതകള്‍ക്ക് നേരെ വനം വകുപ്പ് അവഗണന പുലര്‍ത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പരാതിയിലുണ്ട്.
റേഞ്ച് ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരുപ്പ് സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മനോജ് മൂത്തേടന്‍, ബേബി തോപ്പിലാന്‍, ആന്റു ഉതുപ്പാന്‍, ജോഷി സി പോള്‍, ദേവച്ചന്‍ പടയാട്ടില്‍, സി.ജെ റാഫേല്‍, സുന്ദരന്‍ ചെട്ടിയാര്‍, എല്‍ദോസ് നടയ്ക്കല്‍ എന്നിവരും പങ്കെടുത്തിരുന്നു.

മംഗളം 26.07.2013No comments: