Friday, July 26, 2013

പാറമട ദുരന്തം വെങ്ങോല ഗ്രാമപഞ്ചായത്ത് അധികൃതരുടെ അലംഭാവം മൂലം

സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: നാലുപേരുടെ ജീവന്‍ അപഹരിച്ച പാറമട ദുരന്തം വെങ്ങോല ഗ്രാമപഞ്ചായത്ത് അധികൃതരുടെ അലംഭാവം മൂലം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്ന്  നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നുപോലും ഇവിടെ പാലിച്ചിരുന്നില്ല.
പഞ്ചായത്ത് ഓഫീസിന്റെ തൊട്ടുപിന്നില്‍ പാറമട അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചു.  ലൈസന്‍സില്ലാതെയും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിയ്ക്കാതെയും അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ക്കെതിരെ നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നറിയിപ്പിന് വെങ്ങോലയില്‍ കല്‍പ്പിച്ചത് പുല്ലുവില.
കരിങ്കല്‍ ഖനനം നടത്തിയ ശേഷം ഉപേക്ഷിയ്ക്കുന്ന കുഴികള്‍ മണ്ണിട്ടു മൂടണമെന്നും പാറമടകള്‍ക്ക് ചുറ്റും കമ്പിവേലി കെട്ടിത്തിരിയ്ക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ലൈസന്‍സിലെ വ്യവസ്ഥകള്‍ പാലിയ്ക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വെങ്ങോലയില്‍ അതൊന്നും ഉണ്ടായില്ല. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ആഴങ്ങളിലേയ്ക്ക് പാറമട കുഴിച്ചതും ഭീതി ഉളവാക്കുന്ന അഗാധത സൃഷ്ടിച്ചതും അധികൃതര്‍ കണ്ടില്ല. 
ഇതിനു പുറമെ നിയമം ലംഘിച്ച് പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  കഴിഞ്ഞ മെയ് മാസത്തില്‍ ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. ഉടമകളുടെ സ്വാധീനത്തിന് വഴങ്ങി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്വാറികളിലെ നിയമ ലംഘനത്തിന് ഒത്താശ ചെയ്യുകയാണെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
2008-ല്‍ മനുഷ്യാവകാശ കമ്മീഷനായിരുന്ന ജസ്റ്റീസ് എന്‍ ദിനകര്‍ പാറമടകള്‍ സംബന്ധിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന 13 നിര്‍ദ്ദേശങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയിരുന്നില്ല. സംസ്ഥാന മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിന്റെ വെബ്‌സൈറ്റിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 6686 പാറമടകളാണ് ഉള്ളത്. ഇതില്‍ 1789 പാറമടകളും മലപ്പുറം ജില്ലയിലാണ്. എന്നാല്‍ ഔദ്യോഗികമായ ഈ കണക്കുകളിലും വളരെ ഏറെയാണ് അനധികൃത പാറമടകളുടെ എണ്ണം എന്നതാണ് വസ്തുത.
വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണം തന്നെ ക്വാറി-ക്രഷര്‍-പ്ലൈവുഡ് മാഫിയകളാണെന്നാണ് ആക്ഷേപമുള്ളത്.

മംഗളം 26.07.2013



No comments: