പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, July 7, 2013

തുടര്‍ച്ചയായ അഗ്നിബാധ: കെ.എസ്.ഇ.ബി അധികൃതര്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തും

പെരുമ്പാവൂര്‍: പട്ടണത്തില്‍ അടിക്കടിയുണ്ടാകുന്ന അഗ്നിബാധകള്‍ തടയാനായി കെ.എസ്.ഇ.ബി അധികൃതര്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഫയര്‍ഫോഴ്‌സ് കെട്ടിടത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കാനും നടപടിയുണ്ടാകും. ഇന്നലെ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനം.
കോടതിക്ക് പുതിയ കെട്ടിടം പണി തുടങ്ങുന്നതിനുവേണ്ടി പഴയ താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിക്കാന്‍ യോഗം തീരുമാനിച്ചു. പട്ടാല്‍ ഭാഗത്തെ അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കാനും മിനി സിവില്‍ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. 
പെരിയാര്‍വാലി കനാലുകളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ വാച്ചര്‍മാരെ നിയമിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുണ്ട്. കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ ലാഭകരമാക്കി മാറ്റണമെന്നും കൂവപ്പടി പോളിടെക്‌നിക്കിലെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സാജുപോള്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം, ജില്ലാ  പഞ്ചായത്തംഗം സി.കെ അയ്യപ്പന്‍കുട്ടി, ചിന്നമ്മവറുഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വൈ. പൗലോസ്, ജോയി  പൂണേലി, ഡെയ്‌സി തോമസ്, ടി.എ സുനുമോള്‍, ടി.എച്ച് അബ്ദുള്‍ ജബ്ബാര്‍, ഷൈല നൗഷാദ്, രമ  സാജു, കെ.കെ സോമന്‍, ഏല്യാമ്മ ചാക്കോ, ജോളി ബേബി,  എം.പിയുടെ പ്രതിനിധി പി.പി അവറാച്ചന്‍, ടി.പി അബ്ദുള്‍ അസീസ്, തഹദീല്‍ദാര്‍ എന്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 7.07.2013

No comments: