Thursday, July 25, 2013

അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണപക്ഷത്ത് ഭിന്നത

പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ ഭിന്നതയും വാക്‌പോരും. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഭരണ സമിതിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കണമെന്ന് പ്രതിപക്ഷം.
ആറാം വാര്‍ഡിലെ പുതിയ പ്ലൈവുഡ് യൂണിറ്റിന് യന്ത്രസാമിഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള 
അപേക്ഷയെ ചൊല്ലിയാണ് ഭരണ കക്ഷിയായ കോണ്‍ഗ്രസും ഘടക കക്ഷിയായ സി.എം.പിയും തമ്മില്‍ ഇടഞ്ഞത്. അപേക്ഷ അംഗീകരിക്കണമെന്ന് സി.എം.പി അംഗങ്ങളും പറ്റില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങളും നിലപാട് എടുക്കുകയായിരുന്നു.
കഴിഞ്ഞ ഭരണ സമിതി യോഗത്തിലും പ്ലൈവുഡ് സ്ഥാപനങ്ങളുടെ യന്ത്രസാമിഗ്രികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായിരുന്നു. മെഷിനറി സ്ഥാപിക്കാനുള്ള അപേക്ഷ കഴിഞ്ഞ ഭരണ സമിതിയില്‍ സി.എം.പി അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ തള്ളുകയായിരുന്നു.
ഇത്തവണയും സി.എം.പി അംഗങ്ങളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ രാജനും മെമ്പര്‍ ഷിജി ഷാജിയും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്‍.എം സലിമും വി.എന്‍ രാജനും നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടായി.
ഈ സാഹചര്യത്തില്‍ ഭരണ കക്ഷിക്കാര്‍ തമ്മിലുള്ള അധികാര തര്‍ക്കം പഞ്ചായത്ത് ഭരണം സ്തംഭിപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് സുജു ജോണിയുടേയും സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്‍.എന്‍ കുഞ്ഞിന്റേയും നേതൃത്വത്തില്‍ പ്രതിപക്ഷം ഭരണ സമിതി യോഗം ബഹിഷ്‌ക്കരിച്ചു. ഒപ്പം വൈസ് പ്രസിഡന്റ് വി.എന്‍ രാജനും സി.എം.പി അംഗവുമായ ഷിജി ഷാജിയും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

മംഗളം 25.07.2013

No comments: