Tuesday, July 9, 2013

കാരുണ്യ ഹൃദയതാളം പദ്ധതി: പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറാന്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിപക്ഷവുമായി രഹസ്യധാരണയിലേയ്ക്ക്

പെരുമ്പാവൂര്‍: നിര്‍ദ്ധന രോഗികളെ മറയാക്കി ലക്ഷങ്ങള്‍ വെട്ടിച്ചതിന്റെ പേരില്‍ നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന കാരുണ്യ ഹൃദയതാളം പദ്ധതിയുടെ കളങ്കങ്ങള്‍ കഴുകിക്കളയാന്‍ പഞ്ചായത്ത് ഭരണസമിതിയും സി.പി.എം പ്രാദേശിക നേതൃത്വവുമായി രഹസ്യയോഗം. 
ടൗണിലെ പ്രമുഖ ഹോട്ടലില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന രഹസ്യയോഗത്തില്‍, പദ്ധതി നടത്തിപ്പിലെ വെട്ടിപ്പുകള്‍ സംബന്ധിച്ച പ്രക്ഷോഭങ്ങളില്‍ നിന്ന് പാര്‍ട്ടി ഘട്ടംഘട്ടമായി പിന്‍മാറാമെന്ന് പ്രസിഡന്റ് എം.എം അവറാന് വാക്കുകൊടുത്തതായാണ് അറിയുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് നടക്കുന്ന പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ പ്രതിപക്ഷം നല്ല കുട്ടികളാവും. ഇന്ന് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം പാര്‍ട്ടി നേതൃത്വം മെമ്പര്‍മാര്‍ക്ക് നല്‍കും.
ഏരിയാ കമ്മിറ്റി അംഗം ആര്‍ സുകുമാരന്‍, വെങ്ങോല-അറയ്ക്കപ്പടി ലോക്കല്‍ സെക്രട്ടറിമാരായ പി.എം സലിം, എന്‍.ആര്‍ വിജയന്‍, പതിപക്ഷ നേതാവ് കെ.എം അന്‍വര്‍ അലി തുടങ്ങിയവരാണ് ഇന്നലെ വൈകിട്ട് പ്രസിഡന്റ് എം.എം അവറാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.
നിര്‍ദ്ധനരായ രോഗികളുടെ മറവില്‍ ഭരണസമിതി നടത്തിയ വെട്ടിപ്പിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആദ്യം രംഗത്ത് വന്നത്. പിന്നീട് സി.പി.എം സമരം ഏറ്റെടുത്തു. പ്രതിപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു പഞ്ചായത്ത് ഭരണസമിതി യോഗങ്ങളും അലങ്കോലപ്പെട്ടു. പ്രതിപക്ഷം പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുകയും പ്രതിപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് നടത്തുകയും ചെയ്തു.
ഇതിനിടെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള സി.പി.എം അംഗങ്ങളെ പഞ്ചായത്ത് ഭരണസമിതി കള്ളക്കേസില്‍ കുടുക്കി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തിയതിനാല്‍ മൂന്നാഴ്ചയോളം രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഒളിവില്‍ കഴിയേണ്ടി വന്നു. 
പ്രതിപക്ഷ പ്രക്ഷോഭത്തിന് പുറമെ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ക്കെതിരെ ഭരണപക്ഷ അംഗങ്ങള്‍ കൂടി രംഗത്ത് വന്നതോടെ പ്രസിഡന്റ് എം.എം അവറാനും പദ്ധതി കണ്‍വീനര്‍ സി.എം അഷറഫിനും നില്‍ക്കക്കള്ളിയില്ലാതായി. പദ്ധതി നടത്തിപ്പിന് വേണ്ടി രൂപീകരിച്ച സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പാരലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ മെമ്പര്‍ മെര്‍ലി റോയിയാണ് ആദ്യം രാജിവയ്ക്കുന്നത്. പിന്നീട് പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ചു. ഇതില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ ഇബ്രാഹിമും ഉള്‍പ്പെടും. അതേ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് മെമ്പറായ ഇരുപതാം വാര്‍ഡ് മെമ്പര്‍ കെ.ഇ കുഞ്ഞുമുഹമ്മദും സൊസൈറ്റി വിട്ടു. പ്രസിഡന്റ് എം.എം അവറാന്റെ ഏകാധിപത്യവും കാരുണ്യ പദ്ധതിയിലെ അഴിമതികളുമായിരുന്നു സ്വന്തം ചേരിയിലുള്ളവരെ വെറുപ്പിച്ചത്.
ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എതിര്‍പ്പ് ശക്തമാകുന്നതിനിടെ പദ്ധതിയ്ക്ക് എതിരെയുള്ള അന്വേഷണങ്ങളും തുടങ്ങി. പദ്ധതി നടത്തിപ്പിലെ അപാകതകള്‍ അന്വേഷിയ്ക്കാന്‍ ആദ്യം ഉത്തരവിട്ടത് എ.ഡി.എമ്മാണ്. പിന്നീട് ജില്ലാ ലോട്ടറി ഓഫീസറുടെ  പേര് ദുരുപയോഗം ചെയ്തത് അന്വേഷിയ്ക്കാന്‍ ഭാഗ്യക്കുറി വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥരെത്തി.
പഞ്ചായത്ത് ഭരണം തന്നെ സ്തംഭിയ്ക്കുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടയാണ് കോണ്‍ഗ്രസ് ഭരണസമിതി സി.പി.എമ്മുമായുള്ള  രഹസ്യബാന്ധവം സ്ഥാപിയ്ക്കുന്നത്. സമരങ്ങളില്‍ സി.പി.എം പിന്‍മാറുന്നതോടെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും വായടയ്‌ക്കേണ്ടി വരും. നിയമനടപടികളുമായി മുന്നോട്ടു പോകുന്നവര്‍ക്കും അത് ഉപേക്ഷിച്ച് പിന്‍വാങ്ങേണ്ടി വരും.

മംഗളം 9.07.2013

No comments: