Tuesday, July 16, 2013

മഹാദേവനു പിന്നാലെ ഗംഗയും പോയി


കോടനാട് വീണ്ടും ഒരു ആനക്കുട്ടി കൂടി ചെരിഞ്ഞു

പെരുമ്പാവൂര്‍: മഹാദേവനെന്ന കുട്ടിക്കൊമ്പനു തൊട്ടുപിന്നാലെ ഒരു ആനക്കുട്ടി കൂടി കോടനാട് ആനക്കളരിയില്‍ ചെരിഞ്ഞു.
കാലിന് ഒടിവേറ്റ് ചികിത്സയിലായിരുന്ന രണ്ടേകാല്‍ വയസുകാരി ഗംഗയാണ് ഇന്നലെ വൈകുന്നേരത്തോടെ ചെരിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് നിലമ്പൂരില്‍ നിന്നും കൊണ്ടുവന്ന ഗംഗയുടെ കാല്‍ ഒടിഞ്ഞത് കഴിഞ്ഞ മെയ് 29 നാണ്. ആനക്കൊട്ടിലിലെ പലകകള്‍ക്കിടയില്‍ കുരുങ്ങിയായിരുന്നു ഇത്.
വനം വകുപ്പ് ഡോക്ടര്‍മാരായ ഡോ.പ്രൊഫ.മുരളീധരന്‍, തൃശൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ.രാജീവ്, കോടനാട് ഫോറസ്റ്റ് വെറ്റിനറി ഡോ. ശശീന്ദ്രദേവ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഗംഗയ്ക്ക് ചികിത്സകള്‍ നല്‍കിയിരുന്നതായി ഫോറസ്റ്റ് ഡി.എഫ്.ഒ ബി.എന്‍ നാഗരാജന്‍ പറയുന്നു. ഒടിഞ്ഞ കാലിന്റെ എക്‌സ്‌റേ എടുത്ത ശേഷം പ്ലാസ്റ്റര്‍ ഇട്ടിരിയ്ക്കുകയായിരുന്നു. ഇന്നലെ പ്ലാസ്റ്റര്‍ വെട്ടിയപ്പോഴാണ് കാലില്‍ കടുത്ത പഴുപ്പ് ബാധിച്ചത് ശ്രദ്ധയില്‍ പെട്ടത്.
ആനക്കൊട്ടിലില്‍ ആളുകളുടെ ശ്രദ്ധയില്‍ പെടാതെ പച്ച വലയിട്ട് മറച്ചാണ് ഗംഗയെ പാര്‍പ്പിച്ചിരുന്നത്. ഇതിനു പുറമെ ചാക്കിട്ട് ഈ ആനക്കുട്ടിയെ മൂട്ടിപുതപ്പിച്ചിട്ടുമുണ്ടായിരുന്നു.
കുട്ടമ്പുഴ റേഞ്ചിലെ ഉരുളന്‍ തണ്ണിയില്‍ നിന്ന് കൊണ്ടുവന്ന ഒരു വയസുകാരനായ മഹാദേവന്‍ എന്ന കുട്ടിയാന കഴിഞ്ഞ ശനിയാഴ്ചയാണ് ഇവിടെ ചെരിഞ്ഞത്. കൂട്ടം തെറ്റി കിണറ്റില്‍ വീണുപോയ മഹാദേവനെ ഏപ്രില്‍ എട്ടിനാണ് കോടനാട് എത്തിച്ചത്. നടുവിനും മറ്റും സാരമായി പരുക്കേറ്റ മഹാദേവന്‍ അന്നുതൊട്ടേ ചികിത്സയിലായിരുന്നു. അണുബാധയായിരുന്നു മഹാദേവന്റെ മരണ കാരണം.


മംഗളം 16.07.2013




No comments: