പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, July 4, 2013

വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസിന് ചോര്‍ച്ച; തോരാമഴയില്‍ ഫയലുകള്‍ നശിയ്ക്കുന്നു

അറ്റകുറ്റപ്പണികള്‍ മുടങ്ങി

പെരുമ്പാവൂര്‍: യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ മുടക്കുഴ വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസ് കെട്ടിടത്തിന് ചോര്‍ച്ച. തുടര്‍ച്ചയായ മഴയില്‍ ഓഫീസ് മുറികളിലെല്ലാം വെള്ളം തളംകെട്ടിക്കിടക്കുകയാണ്. മഴയില്‍ കുതിര്‍ന്ന് ഫയലുകള്‍ നശിയ്ക്കുന്നു
കുന്നത്തുനാട് താലൂക്കിന് കീഴിലുള്ള ഏറ്റവും തിരക്കുള്ള വില്ലേജ് ഓഫീസിനാണ് ഈ ദുര്‍വിധി. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ പോലും ഇടമില്ല. അതിനിടയിലാണ് ചോര്‍ച്ച.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ കെട്ടിടത്തില്‍ വര്‍ഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് പൊതുമരാമത്ത് എഞ്ചിനീയറുടെ നേതൃത്വത്തില്‍ എസ്റ്റിമേറ്റ് എടുത്ത് പോയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ഓഫീസ് വികസനത്തിന് ആവശ്യമായ സ്ഥല സൗകര്യമുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ടി അജിത് കുമാര്‍ പറയുന്നു. 
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവിടെ വില്ലേജ് അസിസ്റ്റന്റ് നിയമനം നടന്നതെന്ന് അജിത് ചൂണ്ടിക്കാട്ടി. 
എത്രയും വേഗം കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ പ്രധാനപ്പെട്ട ഓഫീസ് രേഖകള്‍പോലും നശിച്ചുപോകുന്ന അവസ്ഥയുണ്ടാകും. ഇലക്ട്രിക് വയറിംഗുകള്‍ മഴയില്‍ നനഞ്ഞതിനാല്‍ ഭിത്തിയില്‍ നിന്നുവരെ വൈദ്യുതാഘാതമേല്‍ക്കുന്ന അവസ്ഥയാണ്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പൊതുമരാമത്ത് ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനമെന്നും പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി.

മംഗളം 4.07.2013

No comments: