പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, July 20, 2013

ശാലുമേനോന്റെ റിമാന്റ് കാലാവധി ആഗസ്റ്റ് ഒന്നു വരെ നീട്ടി

പെരുമ്പാവൂര്‍: സൗരോര്‍ജ്ജ തട്ടിപ്പു കേസിലെ കൂട്ടു പ്രതി ചലചിത്രതാരം ശാലുമേനോന്റെ റിമാന്റ് കാലാവധി പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടി.
അടുത്ത മാസം ഒന്നുവരേയ്ക്കാണ് മജിസ്‌ട്രേറ്റ് ജി രാജേഷ് റിമാന്റ് കാലാവധി നീട്ടിയത്. ശാലുമേനോന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
ഇന്നലെ മൂന്നു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശാലുമേനോനെ കോടതിയില്‍ ഹാജരാക്കിയത്. വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശാലുമേനോനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. സോളാര്‍ തട്ടിപ്പുകേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍, രണ്ടാം പ്രതി സരിത എസ്.നായര്‍ എന്നിവരേയും ശാലുവിനൊപ്പം ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ സോളാര്‍ തട്ടിപ്പുമായി ശാലുവിനുള്ള ബന്ധം പോലീസ് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. ബിജു രാധാകൃഷ്ണനില്‍ നിന്ന് ശാലു വന്‍തുക കൈപ്പറ്റിയെന്നും സമ്മതിച്ചതായി അറിയുന്നു.
അതുകൊണ്ടാവണം, വ്യാഴാഴ്ച പ്രസന്നഭാവത്തില്‍ കോടതിയിലെത്തിയ സരിത ഇന്നലെ കരച്ചിലിന്റെ വക്കിലായിരുന്നു. 
അതിനിടെ സോളാര്‍ തട്ടിപ്പിനെതിരെ പരാതി നല്‍കിയ മുടിക്കല്‍ സ്വദേശി സജാദ് ഇന്നലെ പോലീസ് സ്റ്റേഷനിലെത്തി പ്രതികളായ ബിജു രാധാകൃഷ്ണനേയും സരിത എസ് നായരേയും  തിരിച്ചറിഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ പ്രതികള്‍ എല്ലാവരേയും വിവിധ ജയിലുകളിലേയ്ക്ക് മടക്കി അയച്ചു.

മംഗളം 20.07.2013

No comments: