Thursday, July 11, 2013

കാരുണ്യ ഹൃദയതാളം പദ്ധതി: കോണ്‍ഗ്രസ്-സി.പി.എം രഹസ്യധാരണ; മുസ്ലിം ലീഗ് യു.ഡി.എഫ് കണ്‍വീനര്‍ക്ക് പരാതി നല്‍കും

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വിവാദമായ കാരുണ്യ ഹൃദയതാളം പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സി.പി.എമ്മുമായി രഹസ്യയോഗം ചേര്‍ന്നതിനെതിരെ മുസ്ലിം ലീഗ് യു.ഡി.എഫ് കണ്‍വീനര്‍ക്കും ഡിസിസിയ്ക്കും പരാതി നല്‍കും.
പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ ടൗണിലെ പ്രമുഖ ഹോട്ടലില്‍ സി.പി.എം നേതാക്കളുമായി രഹസ്യയോഗം ചേര്‍ന്നത് ഇന്നലെ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
ഇത്തരം ഒരു സന്ധി സംഭാഷണം യു.ഡി.എഫിന് അപമാനകരമായതായി ലീഗ് കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സി.പി.എമ്മുമായുള്ള ധാരണ ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകണമെന്നും ലീഗ് വെങ്ങോല മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 
പദ്ധതിയുടെ പേരില്‍ പിരിച്ചെടുത്ത തുകയുടെ കണക്ക് പൊതുജനമദ്ധ്യത്തില്‍ പരസ്യപ്പെടുത്തണമെന്നും ഫണ്ട് സര്‍ക്കാര്‍ അനുമതിയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പഞ്ചായത്ത് പദ്ധതിയായി മാറ്റണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കെ.പി അബ്ദുള്‍ ജലാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം അഷറഫ്, ടി.എ.എം ബഷീര്‍, ഷിബു മീരാന്‍, എം.എം സുധീര്‍, കെ.ഇ റഷീദ്, നൗഷാദ് പനയ്ക്കല്‍, അബ്ബാസ് അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അതേസമയം, തിങ്കളാഴ്ച നടന്ന രഹസ്യയോഗത്തിന്റെ ധാരണ അനുസരിച്ച് സി.പി.എം കാരുണ്യതാളം പദ്ധതി അപാകതകള്‍ക്കെതിരെയുള്ള സമരപരിപാടികളില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങി. പദ്ധതിയുടെ പേരില്‍ തുടര്‍ച്ചയായ രണ്ടു ഭരണസമിതി യോഗങ്ങള്‍ അലങ്കോലപ്പെടുത്തിയ പ്രതിപക്ഷം ഇന്നലെ പൂര്‍ണ്ണ ശാന്തതയിലായിരുന്നു.
എന്നാല്‍, പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട അടിയന്തിര തീരുമാനങ്ങള്‍ കൊക്കൊള്ളേണ്ട സാഹചര്യത്തില്‍ ഭരണസമിതി യോഗം അലങ്കോലപ്പെടുത്തരുതെന്ന് ആവശ്യപ്പെടാനാണ് പ്രസിഡന്റ് തങ്ങളെ വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് കെ.എം അന്‍വര്‍ അലി മംഗളത്തോട് പറഞ്ഞു. പദ്ധതി നടത്തിപ്പില്‍ സാങ്കേതികമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതു ഒരാഴ്ചയ്ക്ക് അകം തിരുത്തുമെന്നും ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇന്നലെ പ്രതിപക്ഷം നിശബ്ദത പാലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പിരിച്ച തുക മുഴുവന്‍ പെരുമ്പാവൂര്‍ ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. അവയുടെ കണക്കുകള്‍ ഒരാഴ്ചയക്ക് അകം വിവിധ കക്ഷിനേതാക്കളുടെ യോഗത്തില്‍ പരസ്യപ്പെടുത്താമെന്നും പദ്ധതി പൂര്‍ണ്ണമായും പഞ്ചായത്തിന്റേതായി മാറ്റാമെന്നും പ്രസിഡന്റ് ഉറപ്പു നല്‍കിയതായും അന്‍വര്‍ അലി പറയുന്നു. 
അതേസമയം, അത്തരം വാഗ്ദാനങ്ങളൊന്നും പ്രസിഡന്റ് നല്‍കിയില്ലെന്നാണ് ഭരണപക്ഷത്തെ വിമതരായ അംഗങ്ങള്‍ പറയുന്നത്. രഹസ്യയോഗം ചേര്‍ന്ന വിവരം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനുള്ള നാടകങ്ങളാണ് ഇവയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. 
രഹസ്യധാരണ സംബന്ധിച്ച് സി.പി.എമ്മിലും പ്രതിഷേധം പുകയുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി തീരുമാനം അറിഞ്ഞ ഒരു അംഗം പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. പാര്‍ട്ടി അംഗങ്ങളോടോ വിവാദം ഉയരത്തിക്കൊണ്ടുവന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോടോ ആലോചിയ്ക്കാതെ ഹോട്ടലില്‍ ഏകാധിപതിയായ പ്രസിഡന്റിന്റെ ഉപചാരത്തില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്തതിനെതിരെ  പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉള്ളത്.

മംഗളം 10.07.2013




No comments: