Monday, July 15, 2013

നോര്‍ത്ത് പോഞ്ഞാശ്ശേരി എല്‍.പി സ്‌കൂളില്‍ സ്‌ഫോടനം


പാചകപ്പുരയുടെ തൂണും ഭിത്തിയും തകര്‍ന്നു

പെരുമ്പാവൂര്‍: നോര്‍ത്ത് പോഞ്ഞാശ്ശേരി എല്‍.പി സ്‌കൂളില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ പാചകപ്പുരയുടെ തൂണും ഭക്ഷണ മുറിയുടെ ഭിത്തിയും തകര്‍ന്നു. കെട്ടിടത്തിന്റെ തറയിളക്കി നാലു തൂണുകളിലായി കെട്ടിയിട്ട തോട്ടകളാണ് പൊട്ടിത്തെറിച്ചത്.
പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനങ്ങള്‍. ശബ്ദം എവിടെനിന്നാണെന്ന് ആദ്യം പരിസരവാസികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ആറരയോടെയാണ് മതില്‍കെട്ടിത്തിരിച്ച സ്‌കൂള്‍ വളപ്പിനുള്ളിലാണ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമായത്. പാറമടകളില്‍ ഉപയോഗിയ്ക്കുന്ന കേപ്പും തോട്ടയുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
ഷീറ്റുമേഞ്ഞ പാചകപ്പുരയുടെ ഇഷ്ടിക കൊണ്ട് കെട്ടിയ തൂണും ആ ഭാഗത്തെ തറയും പൂര്‍ണ്ണമായി തകര്‍ന്നു. ഇതിനു പുറമെ തൊട്ടുചേര്‍ന്ന ഭക്ഷണമുറിയുടെ ഭിത്തിയും ബാത്ത് റൂം ഭിത്തിയും തകര്‍ന്നിട്ടുണ്ട്. ബാത്ത്‌റൂമിലെ പൈപ്പ് കണക്ഷനും പൊട്ടിത്തകര്‍ന്നു.
ചെമ്പാരത്തുകുന്നില്‍ മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്‍ മാനേജ്‌മെന്റായി പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളാണ് ഇത്. ഇവിടെ നാളുകളായി മാനേജ്‌മെന്റിനകത്ത്  തര്‍ക്കം നിലനിന്നിരുന്നു. 
ഇക്കാലയളവില്‍ സ്‌കൂള്‍ വളപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന മണല്‍ വാരിനികത്തുകയും സ്‌കൂളിന്റെ ഗ്രില്‍ നശിപ്പിയ്ക്കുകയും സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന തേക്കിന്റെ തൂണുകള്‍ മോഷ്ടിയ്ക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ പാര്‍ക്കിലും കേടുപാടുകളുണ്ടാക്കി. കഴിഞ്ഞ കൊല്ലമുണ്ടായ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായത്. 
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ മാനേജരായി എ.പി കുഞ്ഞുമുഹമ്മദിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ മേല്‍നോട്ടത്തിലായിരുന്നു ഇലക്ഷന്‍. ഇതേതുടര്‍ന്ന് മാനേജ്‌മെന്റ് നടത്തിയ അദ്ധ്യാപക നിയമനത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇന്നലെയുണ്ടായ സ്‌ഫോടനമെന്ന് സൂചനയുണ്ട്.
ഇരുന്നൂറിലേറെ കുട്ടികള്‍ പഠിയ്ക്കുന്ന അര നൂറ്റാണ്ടോളം പഴക്കമുള്ള സ്‌കൂളാണ് ഇത്.
സംഭവം അറിഞ്ഞ് ഇന്നലെ റൂറല്‍ എസ്.പി സതീഷ് ബിനോ, ഡിവൈ.എസ്.പി  കെ.ഹരികൃഷ്ണന്‍ എന്നിവര്‍ സ്ഥലത്ത് നേരിട്ട് എത്തി പരിശോധന നടത്തി. കൂടാതെ ബോംബ് സ്‌ക്വാഡും സയന്റിഫിക്കല്‍ അസിസ്റ്റന്റ് സൂസന്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിഭാഗവും പരിശോധനയ്ക്ക് എത്തിയിരുന്നു.

മംഗളം 15.07.2013

No comments: