വെങ്ങോല ഗ്രാമപഞ്ചായത്ത്
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിനെ മറയാക്കി നിര്‍ദ്ധന രോഗികളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കാരുണ്യ ഹൃദയതാളം പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ ജില്ലാ കളക്ടറുടെ അന്വേഷണം തുടങ്ങി.
പരാതിക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. ബേസില്‍ കുര്യാക്കോസിന്റെ മൊഴി വ്യാഴാഴ്ച വൈകിട്ട് രേഖപ്പെടുത്തിയ പോലീസ് ഇന്നലെ പഞ്ചായത്തിലെത്തി പ്രാഥമിക അന്വേഷണം തുടങ്ങി. പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്തിയത്.
ഭാഗ്യക്കുറി ഓഫീസറുടെ പേര് ആളുകളെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന ലോട്ടറി വകുപ്പില്‍ നിന്നുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പദ്ധതികളുടെ പേരില്‍ നടന്ന വന്‍ വെട്ടിപ്പിനെതിരെ വിജിലന്‍സിന് പരാതി കൊടുക്കാനും നീക്കമുണ്ട്.
നിര്‍ദ്ധന രോഗികളെ മറയാക്കി പദ്ധതിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചുവെന്നാണ് ആരോപണം. പാറമട, പ്ലൈവുഡ് ഉടമകളില്‍ നിന്നും മറ്റും നിര്‍ബന്ധപൂര്‍വ്വം വന്‍ തുകയാണ് പിരിച്ചെടുത്തത്. ഇതിനെതിരെ ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. ഒരേ നമ്പറിലുള്ള കൂപ്പണുകള്‍ ഉപയോഗിച്ചും മറ്റുമായിരുന്നു പിരിവ്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആദ്യം രംഗത്തുവന്നത്.
പിന്നീട് പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. സി.പി.എം നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചില്‍ പങ്കെടുത്തവരെ പഞ്ചായത്ത് കള്ളക്കേസില്‍ കുടുക്കിയാണ് പഞ്ചായത്ത് ഭരണ സമിതി പ്രതിഷേധത്തെ നേരിട്ടത്. അതോടെ രണ്ട് പ്രതിപക്ഷ മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു.
ഇതിനിടെയാണ് കാരുണ്യ ഹൃദയതാളം പദ്ധതിയുമായി പഞ്ചായത്തിന് യാതൊരു ബന്ധവുമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയത്.
അതോടെ പ്രതിപക്ഷം പ്രക്ഷോഭങ്ങളുടെ ശക്തികൂട്ടി. തുടര്‍ച്ചയായ രണ്ട് ഭരണ സമിതി യോഗങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. പഞ്ചായത്തില്‍ ഭരണ സ്തംഭനമായി.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ക്കെതിരെ ഭരണപക്ഷത്തുനിന്നു തന്നെ എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നു. പദ്ധതി നടത്തിപ്പിനു വേണ്ടി ഭരണ സമിതി അംഗങ്ങളെ മാത്രം ഉള്‍കൊള്ളിച്ച് രൂപീകരിച്ച കാരുണ്യ സൊസൈറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മെര്‍ലി റോയി രാജിവച്ചാണ് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് അംഗങ്ങള്‍ സൊസൈറ്റിയില്‍ നിന്ന് കൂട്ടത്തോടെ രാജി വച്ചു. ഇതില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ ഇബ്രാഹിമും ഉള്‍പ്പെടും. ഇതിനുപുറമെ കോണ്‍ഗ്രസ് അംഗമായ മെമ്പര്‍ കുഞ്ഞുമുഹമ്മദും സൊസൈറ്റി വിട്ടു.
കാര്യങ്ങള്‍ പൂര്‍ണമായി കൈവിട്ടതോടെ പ്രസിഡന്റ് പ്രതിപക്ഷവുമായി ധാരണയുണ്ടാക്കി. പെരുമ്പാവൂരിലെ ഒരു പ്രമുഖ ഹോട്ടലില്‍ അതീവ രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധാരണയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഭരണസമിതി യോഗം ശാന്തമായി നടന്നു.
പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകാതിരിക്കാനാണ് ഭരണസമിതി യോഗത്തില്‍ ശാന്തത പാലിച്ചതെന്നും കാരുണ്യ ഹൃദയതാളം പദ്ധതി സംബന്ധിച്ച പ്രതിഷേധ പരിപാടികളില്‍ നിന്നും പാര്‍ട്ടി പിന്നോട്ട് പോകില്ലെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറിമാരും പ്രതിപക്ഷനേതാവും പത്ര പ്രസ്താവന നടത്തി മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അണികള്‍ ആശയക്കുഴപ്പത്തിലായി. പദ്ധതി നടത്തിപ്പിലെ അപാകതകള്‍ സംബന്ധിച്ച് പ്രതിപക്ഷം പൂര്‍ണ നിശബ്ദത പാലിക്കുമ്പോഴാണ് ഇന്നലെ ജില്ലാ കളക്ടറുടെ അന്വേഷണം തുടങ്ങിയിരിക്കുന്നത്. അതോടെ, കാരുണ്യ ഹൃദയതാളം പദ്ധതി വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
മംഗളം 20.07.2013
No comments:
Post a Comment