പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഭരണപക്ഷത്തു നിന്ന് തന്നെ അവിശ്വാസ പ്രമേയത്തിന് നീക്കം.
വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിന്റെ റാബിയ ഇബ്രാഹിമിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളാണ് രംഗത്ത് വന്നിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ടി.ബിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മുന്‍ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ റാബിയ ഇബ്രാഹിം സ്ഥാനമൊഴിയാത്തതും, പഞ്ചായത്തില്‍ വിവാദമായ കാരുണ്യ ഹൃദയതാളം പദ്ധതിയുടെ പേരില്‍ ഭരണപക്ഷത്തിനെതിരെ ലീഗ് നിലപാട് കൈക്കൊണ്ടതുമാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്.
കാരുണ്യ ഹൃദയതാളം പദ്ധതിയുടെ പേരില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് സ്ഥാനത്ത് തുടരുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിലയിരുത്തി. പ്രതിപക്ഷവുമായി ചേര്‍ന്ന് ലീഗിനെ ഒരു പാഠം പഠിപ്പിയ്ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ സി.പി.എം വിട്ടുനില്‍ക്കുമെന്ന ഉറപ്പ് പ്രസിഡന്റ് എം.എം അവറാന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
രണ്ടര വര്‍ഷത്തിന് ശേഷം ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിയ്ക്കപ്പെട്ടിരുന്നത് കോണ്‍ഗ്രസില്‍ നിന്നുള്ള എട്ടാം വാര്‍ഡ് അംഗം മെര്‍ളി റോയി ആയിരുന്നു. യഥാസമയം സ്ഥാനലബ്ധിയുണ്ടാകത്തതില്‍ പ്രതിഷേധിച്ചായിരുന്നു കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച സൊസൈറ്റിയില്‍ നിന്ന് ഇവര്‍ രാജിവച്ചത്. അതോടെ ഭരണപക്ഷത്തെ ഭിന്നത പുറംലോകവും അറിഞ്ഞു. അതുകൊണ്ടുതന്നെ ലീഗിനെ വൈസ്പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാലും കോണ്‍ഗ്രസ് മെര്‍ലി റോയിയെ പരിഗണിച്ചേക്കില്ല. പകരം, അനിത സുരേഷിനേയോ ഷമീന റഷീദിനേയോ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാണ് നീക്കം.
വെങ്ങോലയില്‍ 23 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 16 അംഗങ്ങളുണ്ട്. ഇതില്‍ മൂന്ന് സീറ്റുകളാണ് മുസ്ലിം ലീഗിന് ഉള്ളത്. കോണ്‍ഗ്രസിനുള്ളില്‍ പ്രസിഡന്റിനോട് അഭിപ്രായ വ്യത്യാസമുള്ളവരും ഉണ്ട്. ഇതിലൊരാളെ ഇന്നലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേയ്ക്ക് ക്ഷണിയ്ക്കുക പോലും ചെയ്തിരുന്നില്ല. ക്ഷണം ലഭിച്ചെങ്കിലും യോഗത്തില്‍ നിന്ന് ഒരു അംഗം വിട്ടുനില്‍ക്കുകയും ചെയ്തു. മെര്‍ളി റോയി അടക്കമുള്ള ഈ വിമതര്‍ സഹകരിച്ചില്ലെങ്കിലും പ്രതിപക്ഷത്തിന്റെ ഏഴ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ തങ്ങളുടെ ലക്ഷ്യം സഫലമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
അതേസമയം, കാരുണ്യ ഹൃദയതാളം പദ്ധതിയിലെ അപാകതകള്‍ക്കെതിരെയുള്ള സി.പി.എം നിലപാടില്‍ മാറ്റമില്ലെന്ന് വെങ്ങോല ലോക്കല്‍ സെക്രട്ടറി പി.എം സലിം, അറയ്ക്കപ്പടി ലോക്കല്‍ സെക്രട്ടറി എന്‍.ആര്‍ വിജയന്‍, പ്രതിപക്ഷ നേതാവ് കെ.എം അന്‍വര്‍ അലി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസുമായി തങ്ങള്‍ രഹസ്യധാരണയുണ്ടാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതവും ദുരുദ്ദേശ പരവുമാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
ഗ്രാമസഭ യോഗങ്ങള്‍ ചേരുന്നതിനും മറ്റുനടപടികള്‍ക്കും പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് തടസ്സം നേരിട്ട സാഹചര്യത്തിലാണ് പ്രസിഡന്റ് സി.പി.എം നേതൃത്വവുമായി ബന്ധപ്പെട്ടത്. പദ്ധതി നടത്തിപ്പില്‍ സാങ്കേതികമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പിരിച്ച മുഴുവന്‍ തുകയുടെ കണക്കുകളും ഒരാഴ്ചയ്ക്ക് അകം പരസ്യപ്പെടുത്താമെന്നും പദ്ധതി പഞ്ചായത്തിന്റേതായി മാറ്റാമെന്നും പ്രസിഡന്റ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഭരണസമിതി യോഗം ചേരാന്‍ പ്രതിപക്ഷം അനുവദിച്ചത്. ഇക്കാര്യങ്ങള്‍ പാലിയ്ക്കപ്പെട്ടില്ലെങ്കില്‍ സി.പി.എം സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും നേതാക്കള്‍ പറയുന്നു.
മംഗളം 15.07.2013
No comments:
Post a Comment