Tuesday, July 23, 2013

ചെളിവാരിയേറു വീണ്ടും: ട്രാവന്‍കൂര്‍ റയോണ്‍സ് ഇരുമുന്നണികളും പരസ്പരം പഴിചാരുന്നു

പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് പുനരുദ്ധാരണം സംബന്ധിച്ച് എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം പഴിചാരല്‍ തുടങ്ങി. റയോണ്‍സ് പുനരുദ്ധാരണം അട്ടിമറിച്ചത് യു.ഡി.എഫ് ആണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. സി.പി.എമ്മിന്റെ ഒറ്റപ്പെട്ട സമരപരിപാടികള്‍ രാഷ്ട്രീയ മുതലെടുപ്പിനെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ തോമസ് പി കുരുവിള.
റയോണ്‍സ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവാത്തതാണ് പ്രശ്‌ന പരിഹാരം നീളാനുള്ള കാരണമെന്ന് എളമരം കരീം കുറ്റപ്പെടുത്തുന്നു. റയോണ്‍സ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കമ്പനി ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് കേന്ദ്ര അംഗീകാരം നേടിയെടുക്കാനോ അതിനായി നിയമസഭയില്‍ ബില്‍ പാസാക്കാനോ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. യു.ഡി.എഫിന്റെ വ്യവസായ നയത്തിന്റെ ബാക്കിപത്രമാണ് ട്രാവന്‍കൂര്‍ റയോണ്‍സ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 
സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, വി.പി ശശീന്ദ്രന്‍, പി.കെ സോമന്‍, ആര്‍.എം രാമചന്ദ്രന്‍, എം.ഐ ബീരാസ്, കെ.ഡി ഷാജി, പി.എം സലിം, ആര്‍ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
റയോണ്‍സ് പുനരുദ്ധാരണത്തിന് വേണ്ടി രാഷ്ട്രീയ കക്ഷികള്‍ക്ക് അതീതമായ ശ്രമങ്ങളാണ് നടന്നുപോന്നിട്ടുള്ളതെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ചൂണ്ടിക്കാട്ടുന്നു. സാജുപോള്‍ എം.എല്‍.എ യും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഇതിന് മുന്‍കൈ എടുത്തിട്ടുണ്ട്. എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ റയോണ്‍സ് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. 
അതൊക്കെ മറച്ചുവച്ച് സി.പി.എം ഇപ്പോള്‍ സംഘടിപ്പിച്ചിട്ടുള്ള സമര പരിപാടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യമെന്നും തോമസ് പി കുരുവിള കുറ്റപ്പെടുത്തി.         

മംഗളം 23.07.2013

No comments: