Friday, July 19, 2013

ശാലുവും എത്തി: സോളാര്‍ തട്ടിപ്പുതാരങ്ങളെ അന്വേഷണ സംഘത്തലവന്‍ പെരുമ്പാവൂരില്‍ ചോദ്യം ചെയ്തു

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പു താരങ്ങളായ സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍, നടി ശാലു മേനോന്‍ എന്നിവരെ അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി എ ഹേമചന്ദ്രന്‍ ഇന്നലെ പെരുമ്പാവൂരില്‍ ചോദ്യം ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ശാലു മേനോനെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ചയാണ് സരിതയേയും ബിജുവിനേയും പെരുമ്പാവൂരില്‍ എത്തിച്ചത്. ഇവര്‍ ഇന്ന് വൈകിട്ട് അഞ്ചു വരെ ഇവിടേയുണ്ടാകും.
മൂന്നു പേരേയും എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാല്‍, ഇവരുടെ വെളിപ്പെടുത്തലുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
തിരുവനന്തപുരത്തുള്ള വാടക വീട്ടില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ മൂന്നിന് സരിതയെ അറസ്റ്റ് ചെയ്തതോടെയാണ് സോളാര്‍ കേസിന്റെ തുടക്കം. മുടിക്കല്‍ കുറ്റപ്പാലില്‍ സജാതിന്റെ നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. സരിതയുടെ പങ്കാളിയും മുഖ്യ സൂത്രധാരനുമായ ബിജു പിന്നീട് പിടിയിലായി. ബിജു താനുമായി പിണങ്ങിയിരുന്നുവെന്നും പണം മുഴുവന്‍ ഒരു ചലചിത്രനടിയ്ക്കാണ് നല്‍കിയിരുന്നതെന്നും മൊഴി നല്‍കിയതോടെ ശാലു മേനോനും കുടുങ്ങി.
ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ ശാലുമേനോനെ പെരുമ്പാവൂര്‍ കോടതിയില്‍ കൊണ്ടു വന്നത്. ശാലുവിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴും പോലീസിന് കൈമാറിയപ്പോഴും മറ്റൊരു കാറിലെത്തിയ ശാലുവിന്റെ അമ്മ കോടതി വളപ്പിലുണ്ടായിരുന്നു. 

19.07.2013

No comments: