പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കുളത്തുങ്ങമാലി പട്ടികജാതി കോളനിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി അനിശ്ചിതകാല സമരത്തിലേക്ക്.
മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അനധികൃത കമ്പനിക്കെതിരെ അടുത്തമാസം അഞ്ചു മുതല്‍ അനിശ്ചിതകാല സമര പരിപാടികള്‍ തുടങ്ങുമെന്ന് ഒക്കലില്‍ ചേര്‍ന്ന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സമരപ്രഖ്യാപന സമ്മേളനം കര്‍മ്മ സമിതിയുടെ കേന്ദ്ര കമ്മിറ്റി ചെയര്മാന് വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ബിനു കുളത്തുങ്ങമാലില് അദ്ധ്യക്ഷത വഹിച്ചു.
കമ്പനി സൃഷ്ടിക്കുന്ന രൂക്ഷമായ ശബ്ദ മലിനീകരണവും ദുര്‍ഗന്ധവും മൂലം വായിക്കാനോ പഠിക്കാനോ കഴിയാത്ത പ്രദേശവാസികളായ കുട്ടികള്‍ പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷന് വളപ്പില്‍ വായനയും പഠനവുമായി സമരം ചെയ്യുമെന്ന പ്രത്യേകതയും ഈ പ്രക്ഷോഭ പരിപാടിക്കുണ്ടായിരിക്കും.
കമ്പനിയിലെ മലിനീകരണം വിലയിരുത്താന്‍ പരിസ്ഥിതി/മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡോ. എസ് സീതാരാമന്, അഡ്വ. ജോണ്‍ ജോസഫ് എന്നിവരും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഉള്‍പ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. മലിനീകരണം രൂക്ഷമാണെന്നും കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തെങ്കിലും പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ സ്ഥാപനം തുടര്‍ന്നും പ്രവര്‍ത്തിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചക്കു മുമ്പ് കോളനിയോട് ചേര്‍ന്നുള്ള കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയിരുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ ആരോഗ്യ/റവന്യു വകുപ്പുകള്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ സംഭവം നിസ്സാരമായി തള്ളി. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസും വിമുഖത കാട്ടി.
ഈ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഈ മാസം പതിന്നാലിന് കര്‍മ്മസമിതി കമ്പനി ഉടമയ്ക്കും പഞ്ചായത്ത് അധികൃതര്‍ക്കും കൈമാറുന്നത്. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നില്ലെങ്കില്‍ സമിതി സമരപരിപാടികളുമായി മുന്നോട്ടുപോകും.
സമരപ്രഖ്യാപന സമ്മേളനത്തില്‍ വി.എസ് ഷൈബു, വൈക്കം വിശ്വംഭരന്, സി.കെ പ്രസന്നന്, ഡൈസോള് ഷൈജു, പി.എ വറുഗീസ്, എം.കെ ശശിധരന്‍പിള്ള, എം.വി ബെന്നി, കെ.ഡി. ഷാജി, സി.ഡി ശശി, സന്ദീപ്, ശിവാജി, ജോഷി, വി.പി സുരേഷ്, കെ മാധവന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 2.07.2013
No comments:
Post a Comment