പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, July 23, 2013

വല്ലത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ 21 ലക്ഷത്തിന്റെ പദ്ധതി

പെരുമ്പാവൂര്‍: വല്ലം ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ ജലഅതോറിട്ടി 21 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി. 
ഈ പദ്ധതിക്കുവേണ്ടി പൈപ്പുലൈന്‍ സ്ഥാപിക്കാന്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുമതി ലഭിച്ചാല്‍ മൂന്ന് മാസത്തിനകം വല്ലം മേഖലയിലെ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയിലേക്ക് സൗത്ത് വല്ലം സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ എം.വി ഹംസ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
വല്ലം റയോണ്‍പുരം ഭാഗങ്ങളിലേക്ക് ഇപ്പോള്‍ ജലവിതരണം നടത്തുന്നത് 12 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കില്‍ നിന്നാണ്. രാവിലേയും വൈകിട്ടും ഇതില്‍ ശുദ്ധജലം നിറച്ച് വല്ലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വിതരണം നടത്തുന്നുണ്ട്. എന്നാല്‍ സൗത്ത് വല്ലം, റയോണ്‍പുരം ഭാഗം പൈപ്പ് ലൈനിന്റെ അവസാന ഭാഗമായതിനാല്‍ ഇവിടെ ജലലഭ്യത കുറവായിരുന്നു. 
ഇതിനുപുറമെ വല്ലം പമ്പ് ഹൗസിന് സമീപം സ്ഥാപിച്ച പ്രഷര്‍ ഫില്‍റ്റര്‍ ബ്ലോക്കായതിനാല്‍ അതിലൂടെയുള്ള ജല വിതരണം ഇടക്ക് നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. പിന്നീട് വരള്‍ച്ച ദുതിതാശ്വസ പദ്ധതിയില്‍പ്പെടുത്തി 1.2 ലക്ഷം രൂപ ചെലവഴിച്ച് ഫില്‍റ്റര്‍ മീഡിയ മാറ്റി പ്രവര്‍ത്തന ക്ഷമമാക്കാനുള്ള ജോലികള്‍ ചെയ്തതായി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. 
കൂടാതെ കാഞ്ഞിരക്കാട് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും ഫീഡര്‍ ലൈന്‍ സ്ഥാപിച്ച് നേരിട്ട് വല്ലത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ പ്രൊപ്പോസല്‍  സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ തുക അനുവദിച്ചത്.

മംഗളം 23.07.2013

No comments: