പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണെന്ന് ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്, സാജുപോള്‍ എം.എല്‍.എ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമര പരിപാടികളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ 20 ന് വൈകിട്ട് 4 ന് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന സായാഹ്ന സംഗമം മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
2001 ജൂലൈ മാസത്തില്‍ 11 കെ.വി ഇലക്ട്രിക് ലൈന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചുപൂട്ടിയ കമ്പനിയാണ് ഇത്. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരമൊ മറ്റ് ആനുകൂല്യങ്ങളൊ ലഭിച്ചില്ല.
1986 മുതല്‍ പ്രതിസന്ധിയിലായ കമ്പനിയെ നിലനിര്‍ത്താനും തൊഴിലാളികളെ സംരക്ഷിക്കാനും ഇ കെ നായനാര്‍ മന്ത്രിസഭ 15 കോടി രൂപ നല്‍കിയിരുന്നു. അങ്ങനെ 93 ല്‍ കമ്പനി ലാഭത്തിലേക്ക് വന്നെങ്കിലും വീണ്ടും പ്രതിസന്ധിയില്‍പ്പെട്ട് അടച്ചുപൂട്ടേണ്ടിവരികയായിരുന്നു.
2006 ല്‍ വി.എസ് അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരും റയോണ്‍സ് പ്രശ്നത്തിന് മുന്‍ഗണന നല്കി. കമ്പനി പ്രമോട്ടര്‍ക്ക് കൈമാറാനുള്ള നടപടികള്‍ക്ക് തടസം നേരിട്ടപ്പോള്‍ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 2010 ല്‍ ഇതിനായി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചു.
2011 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരാവട്ടെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ യാതൊന്നും ചെയ്തില്ല. ഈ സാഹചര്യത്തിലാണ് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞവര്‍ ഉള്‍പ്പെടെയുള്ള 1500 ഓളം തൊഴിലാളികളുടെ നിയമപരമായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം സമര രംഗത്തിറങ്ങുന്നത്. പത്രസമ്മേളനത്തില്‍ സി.പി.എം വെങ്ങോല ലോക്കല്‍ സെക്രട്ടറി പി.എം സലീമും പങ്കെടുത്തു.
മംഗളം 17.07.2013
No comments:
Post a Comment