പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, July 12, 2013

അപകടങ്ങള്‍ കുറയ്ക്കാന്‍ ഹൈവേ പോലീസിന്റെ ദൂരപരിധി ചുരുക്കി

പെരുമ്പാവൂര്‍: എം.സി. റോഡില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഹൈവെ പോലീസിന്റെ ദൂര പരിധി വെട്ടിച്ചുരുക്കി. ദീര്‍ഘ ദൂര ഓട്ടം കുറച്ച് പോലീസ് സേവനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
എസ്.പിയുടെ നിയന്ത്രണത്തില്‍ അങ്കമാലി മുതല്‍ കൂത്താട്ടുകുളം വരെയുള്ള മേഖലക്ക് ഇതുവരെ ലഭിച്ചിരുന്നത് ഹൈവേ പോലീസിന്റെ ഒരു പട്രോളിങ്ങ് വാഹനത്തില്‍ നിന്നുള്ള സേവനമായിരുന്നു. എന്നാല്‍ വിവിധ ഡിവൈ.എസ്.പിമാരുടെ കീഴില്‍ കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഹൈവേ പോലീസിന്റെ കാര്യക്ഷമത കൂട്ടിയിരിക്കുന്നത്.
ഇതനുസരിച്ച് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് കീഴിലുള്ള ഹൈവെ പോലീസിന് അങ്കമാലി ഓലിയന്‍ കവല മുതല്‍ പെരുമ്പാവൂര്‍ കാലടിക്കവല വരെ ശ്രദ്ധിച്ചാല്‍ മതിയാവും. കാലടിക്കവല മുതല്‍ മൂവാറ്റുപുഴ വരെ ഹൈവേ പോലീസിന്റെ മറ്റൊരു വാഹനം ഉണ്ടാകും. ഇത് മൂവാറ്റുപുഴ ഡിവൈ.എസ്.പി യുടെ കീഴിലുള്ളതാണ്. മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെ മറ്റൊരു വാഹനത്തിന്റെ സേവനം ആയിരിക്കും ലഭിക്കുക. 
റോഡപകടങ്ങളുണ്ടാകുമ്പോള്‍ ഹൈവേ പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതി പുതിയ സംവിധാനത്തോടെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി  കെ ഹരികൃഷ്ണന്‍ മംഗളത്തോട് പറഞ്ഞു. ഇതിനുപുറമെ എം.സി റോഡില്‍ പോലീസ് സാന്നിദ്ധ്യം ഏറും. അതുവഴി ട്രാഫിക് നിയമ ലംഘനവും മറ്റ് കുറ്റകൃത്യങ്ങളും ഗണ്യമായി നിയന്ത്രിക്കാനാവും.
പെരുമ്പാവൂര്‍ മുതല്‍ അങ്കമാലി വരെ കിലോ-25 എ എന്ന പട്രോളിംഗ് വാഹനത്തിന്റെ സേവനമാണ് ലഭിക്കുക. ഇതിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും ഉണ്ടാകും. കാലടി പോലീസ് സ്റ്റേഷനില്‍ നിന്നും പെരുമ്പാവൂര്‍ പോലീസ്/ ട്രാഫിക് സ്റ്റേഷനുകളില്‍ നിന്നുമുള്ള മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പട്രോളിംഗിന് മൂന്ന് ടേണുകളിലായി നേതൃത്വം കൊടുക്കും. ഓരോ ടേണിലും ഓഫീസര്‍ക്ക് പുറമെ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഡ്രൈവറും വാഹനത്തിലുണ്ടാവും.
കിലോ 25 എ പട്രോളിംഗ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം നിര്‍വ്വഹിച്ചു. ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, പെരുമ്പാവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹര്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മംഗളം 12.07.2013

No comments: