Sunday, July 28, 2013

ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ 98 ലക്ഷത്തിന്റെ ടൂറിസം പദ്ധതി

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ നാഗഞ്ചേരി മനയോടനുബന്ധിച്ച് 98 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിയ്ക്ക് ഭരണാനുമതിയായി.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ താത്പര്യ പ്രകാരം പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ടൂറിസം മന്ത്രി എ.പി അനില്‍ കുമാറാണ് അറിയച്ചത്.
പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക്, ഷട്ടില്‍-വോളിബോള്‍ കോര്‍ട്ടുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം പറഞ്ഞു. ആറുമാസം കൊണ്ട് പണി പൂര്‍ത്തികരിയ്ക്കാനാണ് ഉദ്ദേശ്ശിയ്ക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഇരിങ്ങോള്‍ നാഗഞ്ചേരി മനയും പരിസരവും മുമ്പ് നഗരസഭ കേരള ലളിത കലാ അക്കാദമിയ്ക്ക് വിട്ടുകൊടുത്തിരുന്നു. അക്കാദമി ഇവിടെ കലാഗ്രാമം സ്ഥാപിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
കലാകാരന്‍മാര്‍ക്ക് വനത്തിന്റെ അന്തരീക്ഷത്തില്‍ സൃഷ്ടി നടത്താനുള്ള സാഹചര്യമൊരുക്കുകയായിരുന്നു അക്കാദമിയുടെ ലക്ഷ്യം. ഇതിന് വേണ്ടി ദേശീയ അന്തര്‍ദേശീയ ചിത്രകാരന്‍മാരേയും ശില്‍പികളേയും പങ്കെടുപ്പിച്ച് ഇവിടെ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രശസ്തരായ കലാകാരന്‍മാര്‍ ഇവിടെ താമസിച്ച് നിര്‍മ്മിച്ച ശില്പങ്ങളും മറ്റു കലാരൂപങ്ങളും പിന്നീട് കാടുകയറി നശിച്ചു.
ഇതേതുടര്‍ന്നാണ് നാഗഞ്ചേരി മന വീണ്ടും നഗരസഭ തിരിച്ചുപിടിയ്ക്കുന്നത്. സാജുപോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തുടങ്ങിയ പെരുമ്പാവൂര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇരിങ്ങോളില്‍  വികസനം പ്രതീക്ഷിച്ചെങ്കിലും അതും വേണ്ട മട്ടില്‍ സഫലമായില്ല. 
ഈ സാഹചര്യത്തിലാണ് നാഗഞ്ചേരി മന വികസനത്തിന് വീണ്ടും തുക അനുവദിച്ചിരിയ്ക്കുന്നത്. പെരുമ്പാവൂര്‍ ടൂറിസം പദ്ധതിയില്‍ വലിയ പ്രാധാന്യമുള്ള ഇടങ്ങളാണ് ഇരിങ്ങോള്‍ കാവും നാഗഞ്ചേരി മനയും.
മംഗളം 28.7.2013

No comments: